
കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്.
കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു..
എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവർത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവർക്കും മനസിലായി – കെ. മുരളീധരൻ പറഞ്ഞു.
ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക സനദ് ദാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ ചെന്നിത്തല നടത്തിയ പ്രസംഗം സമകാലീന രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും പ്രതീക്ഷയുള്ളതും ആയിരുന്നു.
രാഷ്ട്രീയത്തിലെ ആധാരശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാം’ – അദ്ദേഹം കുറിച്ചിരുന്നു. ചെന്നിത്തല കളിച്ചുവളർന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണെന്ന് പറഞ്ഞ സുകുമാരൻ നായർ അദ്ദേഹം എൻ.എസ്.എസ്സിന്റെ പുത്രനാണെന്നും പറഞ്ഞിരുന്നു. ഇത്തരം പുകഴ്ത്തലുകള്‍ പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തിയത്.