
തൃശ്ശൂർ: മാനസികാസ്വാസ്ഥ്യമുള്ള 20- കാരിയും 18 വയസ്സുള്ള സഹോദരിയും ശാരീരിക പീഡനങ്ങള്‍ നേരിട്ടത് അഞ്ചുവർഷത്തോളം.
പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും സഹോദരിയും. ആരോരുമില്ലാതായതോടെ മുഴുപ്പട്ടിണിയില്‍ കഴിഞ്ഞ നാലു സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അവർ പറഞ്ഞ പീഡനാനുഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് സാമൂഹികനീതിവകുപ്പ് പറഞ്ഞു. അഞ്ചുവർഷമായി പലരില്‍നിന്നും ശാരീരിക പീഡനങ്ങള്‍ നേരിടുകയായിരുന്നുവെന്നാണ് ഇരുവരും കൗണ്‍സലർമാരോട് വെളിപ്പെടുത്തിയത്.
അമ്മയുടെ ആണ്‍സുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭർത്താവുമാണ് ഈ കുട്ടികളെ ഏറെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖില്‍ എന്ന മറ്റൊരു വ്യക്തിയെ പോക്സോ- ബലാത്സംഗ കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല.
അഞ്ചുവർഷം മുമ്പ് നാലു മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് അമ്മ വിവാഹിതയായ മൂത്ത മകളോടൊപ്പം പോയി. അച്ഛൻ വീട്ടില്‍ വരാതായി. പറക്കമുറ്റാത്ത രണ്ട് ആണ്‍മക്കളേയും രണ്ടു പെണ്‍മക്കളേയും വളർത്താനായി മുത്തശ്ശി വീട്ടുപണി ചെയ്ത് പണം കണ്ടെത്തി. പണമില്ലാത്തതിനാല്‍ ഇളയ മകള്‍ എട്ടില്‍ പഠനം നിർത്തി. മാനസികാസ്വാസ്ഥ്യമുള്ള മകളും രണ്ടു ആണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചു നാള്‍ മുമ്പ് മുത്തശ്ശി മസ്തിഷ്കാഘാതം വന്ന് കിടപ്പിലായതോടെ തൃശ്ശൂർ നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ സന്നദ്ധ പ്രവർത്തകർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ അനാഥാലയത്തിലാക്കി. അതോടെ നാലു കുട്ടികളും ഒറ്റപ്പെട്ടു. ഇതിനിടെ മഴയില്‍ വീട് ഇടിഞ്ഞുവീണു.
നാട്ടുകാർ ഇക്കാര്യം സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. സാമൂഹികനീതി വകുപ്പ് നാലു കുട്ടികളേയും ആശ്രയ കേന്ദ്രത്തിലാക്കി. അവിടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇളയ പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്.
മാനസികാസ്വാസ്ഥ്യമുള്ള 20-കാരിക്ക് മൊഴി നല്‍കാനാകില്ല. 20-കാരിയാണ് ഏറ്റവുമധികം പീഡനം സഹിക്കേണ്ടി വന്നതെന്ന് അനിയത്തി മൊഴി നല്‍കിയിട്ടുണ്ട്.
മൂത്ത മകളുടെ രണ്ടാമത്തെ ഭർത്താവാണ് അമ്മയുടെ ഇപ്പോഴത്തെ ആണ്‍സുഹൃത്ത്. ഭർത്താവ് അമ്മയോടൊപ്പം താമസമാക്കിയതോടെ മൂത്ത മകള്‍ മൂന്നാമതും വിവാഹം കഴിച്ചു. മുത്തശ്ശി വീട്ടുപണിക്ക് പോകുന്ന സമയത്താണ് അമ്മയും മൂത്ത സഹോദരിയും വീട്ടിലെത്തി പീഡനത്തിന് കൂട്ടുനിന്നത്.
കുട്ടികളെ വീട്ടില്‍നിന്ന് മാറ്റിയതിന് സന്നദ്ധ പ്രവർത്തകർക്കും സാമൂഹികനീതി വകുപ്പ് ജീവനക്കാർക്കും നേരേ അമ്മയും ആണ്‍സുഹൃത്തും മകളും ഭർത്താവും പലതവണ ഭീഷണിയുയർത്തിയതായും പരാതിയുണ്ട്. പോക്സോ കേസായതിനാല്‍ വിവരങ്ങളൊന്നും നല്‍കാനാകില്ലെന്നാണ് പോലീസ് പറയുന്നത്.