
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുന്നതോടെ കേന്ദ്രസർക്കാർ ആനുകൂല്യങ്ങളെ ബാധിച്ചേക്കുമെന്ന് വിദഗ്ധർ.
അതിദരിദ്രർക്കായി കേന്ദ്രസർക്കാർ നിരവധി ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്. അതിദരിദ്രരെ സഹായിക്കുന്നതില്‍ പ്രധാനം റേഷൻ കാർഡ് വഴിയുള്ള ആനുകൂല്യങ്ങളാണ്.
അന്ത്യോദയ അന്നയോജന വഴി ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏറ്റവും ദാരിദ്ര്യമുള്ള കുടുംബങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ (നിലവില്‍ സൗജന്യമായി) ഭക്ഷ്യധാന്യം നല്‍കുന്നുണ്ട്. മഞ്ഞ റേഷൻ കാർഡ് ഉടമകള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം (അരിയും ഗോതമ്പും) സൗജന്യമായി ലഭിക്കുന്നു. സംസ്ഥാനത്ത് 5.85 ലക്ഷം മഞ്ഞ കാർഡ് ഉടമകളുണ്ട്.
കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് ഗ്രാമപ്രദേശങ്ങളിലെ ദരിദ്രർക്ക് വീട് നിർമിക്കുന്നതിന് സാമ്പത്തികസഹായം നല്‍കിവരുന്നു. കേരളത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിന്റെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചാണ് നടപ്പാക്കിവരുന്നത്. വീട് നിർമിക്കുന്നതിന് ധനസഹായമായി 1.20 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ അതിദരിദ്രർക്ക് നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുമായി ബന്ധപ്പെടുത്തി മറ്റ് സൗകര്യങ്ങള്‍ക്കും (ശൗചാലയം നിർമിക്കാൻ സ്വച്ഛ് ഭാരത് മിഷൻ വഴി ധനസഹായം) ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതിദരിദ്രരുടെ കണക്കനുസരിച്ച് കോടിക്കണക്കിന് രൂപയാണ് ഈ രംഗത്തും കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊരു കേന്ദ്രപദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരുവർഷം 100 ദിവസത്തെ ഉറപ്പുള്ള തൊഴില്‍ അനുവദിച്ചിരുന്നു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിനാണിത്. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി അനുസരിച്ച് സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിലൂടെ വായ്പ, പരിശീലനം, മറ്റ് സാമ്ബത്തികസഹായങ്ങള്‍ എന്നിവ നല്‍കി ദരിദ്രരെ സ്വയംപര്യാപ്തരാക്കുന്നുമുണ്ടായിരുന്നു.
വൃദ്ധർ, വിധവകള്‍, അംഗപരിമിതർ എന്നിവർക്ക് സാമ്ബത്തികസഹായം നല്‍കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകള്‍ ദേശീയ സാമൂഹികസഹായ പദ്ധതിയാണ്. ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ 60 വയസിന് മുകളിലുള്ള അതിദരിദ്രർക്ക് പെൻഷൻ നല്‍കുന്നതാണ്. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകള്‍ക്ക് പെൻഷൻ നല്‍കുന്നതാണ്. ഈ പദ്ധതികളില്‍ ഇതുവരെ ഉള്‍പ്പെട്ടിരുന്ന കേരളം, രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. സംസ്ഥാനത്ത് ആകെ 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് സർക്കാർ കണക്ക്.
അളവുകോല്‍ എം.പി.ഐ
ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) അനുസരിച്ച് രാജ്യത്ത് ഏറ്റവും കുറവ് അതിദാരിദ്ര്യ കുടുംബങ്ങളുള്ള സംസ്ഥാനം കേരളമാണെന്ന് നിതി ആയോഗിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021ല്‍ ഇത് .71 ശതാനമായിരുന്നെങ്കില്‍ 2023ല്‍ .55 ആയി കുറഞ്ഞിരുന്നു. എന്നാല്‍, അതിദരിദ്രർ ഇല്ലാതായിയെന്ന് റിപ്പോർട്ടുകളില്ലായിരുന്നു. പോഷകാഹാരം, ശിശുമരണനിരക്ക്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്കൂള്‍ വർഷങ്ങളില്‍ പങ്കെടുത്തത്, സ്കൂളില്‍ ഹാജരായത്, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍ (സൈക്കിള്‍, റേഡിയോ, കംപ്യൂട്ടർ, മൃഗങ്ങള്‍, റേഡിയോ, ടി.വി) എന്നിവയുള്‍പ്പെടെ 10 സൂചകങ്ങളാണ് ബഹുമുഖ ദാരിദ്ര്യ സൂചികയ്ക്ക് പരിഗണിക്കുന്നത്.



