video
play-sharp-fill
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ഉയർന്ന കടക്കെണിയിലേക്ക്; മുന്നറിയിപ്പുമായി  ആര്‍ബിഐ; സാമ്പത്തിക അപകടസാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ഉയർന്ന കടക്കെണിയിലേക്ക്; മുന്നറിയിപ്പുമായി ആര്‍ബിഐ; സാമ്പത്തിക അപകടസാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

സംസ്ഥാനം വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് ആര്‍ബിഐ നൽകി കഴിഞ്ഞു.
ഡെപ്യൂട്ടി ഗവര്‍ണര്‍ മൈകല്‍ ദേബബ്രത പത്രയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു സംഘം സാമ്പത്തിക വിദഗ്ധരുടെ ലേഖനം ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭാരമായ കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, രാജ്യത്തെ സംസ്ഥാന സര്‍കാരുകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക അപകട സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 2026-27 ആകുമ്പോഴേക്കും കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം 35% കവിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഈ സംസ്ഥാനങ്ങള്‍ അവരുടെ കടത്തിന്റെ കാര്യത്തില്‍ കാര്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,’ എന്നും ആർബിഐ ചൂണ്ടിക്കാണിച്ചു.

എല്ലാ സംസ്ഥാന സര്‍കാരുകളുടെയും മൊത്തം ചിലവിന്റെ പകുതിയോളം വരുന്ന 10 സംസ്ഥാനങ്ങളെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എല്ലാ സൂചകങ്ങളെയും അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സൂചനകള്‍ കണക്കിലെടുത്ത്, ഏറ്റവും സമ്മര്‍ദമുള്ള അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു – ബീഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍. 2020-21ല്‍ 15-ാം ധനകാര്യ കമീഷന്‍ നിശ്ചയിച്ച കടബാധ്യത കേരളം മറികടന്നതായി ലേഖനത്തില്‍ പറയുന്നു.

കേരളവും, രാജസ്ഥാനും, പശ്ചിമ ബംഗാളും 2022-23 ല്‍ കടവും ധനക്കമ്മിയും സംബന്ധിച്ച കമീഷന്റെ ലക്ഷ്യങ്ങള്‍ മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
മൊത്തം ചിലവില്‍, റവന്യൂ ചിലവിന്റെ വിഹിതം 90% വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്. ഇത് ചിലവുകളുടെ ഗുണനിലവാരം മോശമാക്കുന്നു.

കേരളമുള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ മൊത്തം റവന്യൂ ചിലവിന്റെ 35 ശതമാനത്തിലധികം പലിശ, പെന്‍ഷന്‍, ഭരണച്ചെലവ് എന്നിവ ഉള്‍പെപ്പെടെയുള്ള പ്രതിബദ്ധതയുള്ള ചിലവുകളാണ്. അതിനാല്‍ വികസന ചിലവുകള്‍ ഏറ്റെടുക്കുന്നതിന് പരിമിതമായ സാമ്പത്തിക ഇടം നല്‍കുന്നെന്നും ലേഖനത്തില്‍ പറയുന്നു.

ജാര്‍ഖണ്ഡ്, കേരളം, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സബ്സിഡി വര്‍ധിപ്പിച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. സമീപകാലത്ത്, സംസ്ഥാന സര്‍കാരുകള്‍ അവരുടെ സബ്സിഡിയുടെ ഒരു ഭാഗം സൗജന്യമായി വിതരണം ചെയ്യാന്‍ തുടങ്ങി. ‘സൗജന്യ രൂപത്തിലുള്ള നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ ഖജനാവിന് കനത്ത ഭാരം വരുത്തുക മാത്രമല്ല, വിപണി വായ്പയിലൂടെ ധനസഹായം നല്‍കുകയാണെങ്കില്‍ ആദായത്തിന്മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.