
കോട്ടയം: “നാളെയാണ് നാളെയാണ് നാളെയാണ് …..
നറുക്കെടുപ്പ് നാളെയാണ് …
ടിക്കറ്റ് ആവശ്യമുള്ളവർ എത്രയും വേഗം കരസ്ഥമാക്കുക …
വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ് ….
ഇനി എണ്ണപ്പെട്ട
മണിക്കൂറുകൾ മാത്രം …. നാളെയാണ് …നാളെയാണ് …. ”
സത്യൻ അന്തിക്കാടിന്റെ സൂപ്പർഹിറ്റ് ചിത്രമായ
“നാടോടിക്കാറ്റ് ” ആരംഭിക്കുന്നത് ഇത്തരമൊരു അനൗൺസ്മെന്റോടു കൂടിയാണ്.
ഈ അനൗൺസ്മെന്റ് കേട്ടുവരുന്ന ശ്രീനിവാസൻ പറയുന്ന ഒരു രസികൻ ഡയലോഗ് പലരും ഓർമ്മിക്കുന്നുണ്ടായിരിക്കും .
“നാളെയോ മറ്റന്നാളോ എപ്പോ വേണമെങ്കിലും ആയിക്കോ. ഞങ്ങളാരും എതിര് പറഞ്ഞില്ലല്ലോ …”

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്പകാലം മുൻപ് വരെ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ സ്ഥിരം മുഴങ്ങി കേട്ടുകൊണ്ടിരുന്ന ഒരു അനൗൺസ്മെന്റായിരുന്നു കേരള ഭാഗ്യക്കുറിയുടേത് . ബീവറേജസ് കഴിഞ്ഞാൽ കേരളത്തിന്റെ ഖജനാവിന് ഏറ്റവും വലിയ വരുമാനമുണ്ടാക്കി കൊടുക്കുന്നത് ലോട്ടറി ടിക്കറ്റാണെന്ന് കേട്ടിട്ടുണ്ട്.
ധർമ്മസ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീനാരായണഗുരുവാണത്രേ കേരളത്തിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിക്കുന്നത്. “ധർമ്മഷോടതി ” എന്ന പേരിലായിരുന്നു അന്നത് അറിയപ്പെട്ടത്.
പിന്നീട് കലാമണ്ഡലത്തിനു വേണ്ടി വള്ളത്തോളും കോട്ടയം എം.ഡി. സെമിനാരി സ്ക്കൂളിനു വേണ്ടി മലയാള മനോരമ സ്ഥാപകൻ കണ്ടത്തിൽ വർഗീസ് മാപ്പിളയുമെല്ലാം ഭാഗ്യക്കുറി നടത്തി വിജയിച്ചവരാണ്.
കേരള സംസ്ഥാനം രൂപവൽക്കരിച്ചതിനുശേഷം ആദ്യമായി ലോട്ടറി ആരംഭിച്ചത് 1967-ലെ ഇ എം സ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞാണ്.
അന്ന് സംസ്ഥാനം നേരിട്ടിരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ലോട്ടറി എന്നൊരു ആശയം
പി കെ കുഞ്ഞു കൊണ്ടുവന്നത്.
ഇ എം എസും പി കെ കുഞ്ഞും കൂടെ ഡൽഹിയിൽ പോയി കേന്ദ്ര ഗവൺമെന്റിന്റെ അനുമതി വാങ്ങിയതിനു ശേഷം 1967 സെപ്റ്റംബർ 1-ന് ലോട്ടറി വകുപ്പ് നിലവിൽ വന്നു.
ആദ്യ നറുക്കെടുപ്പ് 1968 ജനുവരി 26 – നായിരുന്നു
ടിക്കറ്റ് വില ഒരു രൂപ .
ഒന്നാം സമ്മാനം 50,000 രൂപയും…
ഒരു രൂപയിൽ നിന്ന് ആരംഭിച്ച കേരള ലോട്ടറി ഇപ്പോൾ 50 രൂപയ്ക്കാണ് വിൽക്കുന്നത് . സമ്മാനത്തുക 12 കോടി വരെ എത്തിനിൽക്കുന്നു. ഇന്ത്യയിലെ ആദ്യത്തേതെന്ന് പറയാവുന്ന ഈ പരീക്ഷണം പിന്നീട് മറ്റു പല സംസ്ഥാനങ്ങളും അനുകരിക്കുകയുണ്ടായി.
കേരള ലോട്ടറിയുടെ വമ്പിച്ച വിജയമായിരിക്കാം 1970-ൽ
“ലോട്ടറി ടിക്കറ്റ് “എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കാൻ
ടി ഇ വാസുദേവൻ എന്ന നിർമ്മാതാവിനെ പ്രേരിപ്പിച്ചത്.
ജയമാരുതിയുടെ ബാനറിൽ
എ ബി രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ഷീല, കെ പി ഉമ്മർ , അടൂർ ഭാസി തുടങ്ങിയവരായിരുന്നു മുഖ്യ താരങ്ങൾ.
ലോട്ടറി മാഹാത്മ്യത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന് അടൂർ ഭാസി പാടിയ രസകരമായ ഒരു ഹാസ്യഗാനം
അന്ന് വമ്പിച്ച ജനപ്രീതി നേടിയെടുത്തു.
ഓരോ വരിയിലും പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ശ്രീകുമാരൻതമ്പിയുടെ ഈ ഗാനത്തിന്റെ ഇതിവൃത്തം ലോട്ടറി കൊണ്ടുവരുന്ന സൗഭാഗ്യങ്ങളെ കുറിച്ചാണ് .
ആ വരികൾ നമുക്കൊന്ന് കേട്ടുനോക്കാം .
“ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ഭാരം താങ്ങിത്തളരുന്നവരേ
ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ
വരുവിന്‍ – നിങ്ങള്‍ വരുവിന്‍
മായമില്ല മന്ത്രമില്ല ജാലവുമില്ല
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ലോട്ടറിയായി നടന്നൊരു പയ്യന്‍
കോട്ടയത്തുകാരന്‍.. അവന്‍
നോട്ടൊരെണ്ണം മാറി ചെറിയൊരു
ലോട്ടറി കുറി വാങ്ങി
ഭാഗ്യം കയറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞോ
ഭാഗ്യം കേറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞോ
അമ്പിളിപോലൊരു പെണ്ണും കെട്ടി
ഇമ്പാലായില്‍ നടപ്പൂ
അവനിന്നിമ്പാലായില്‍ നടപ്പൂ
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
കാല്‍നട മാറ്റാം സവാരിചെയ്യാന്‍
കാറു വാങ്ങിക്കാം
വീട്ടിച്ചെണ്ടപോല്‍ വീങ്ങിയ പെണ്ണിനെ
ഒടനേ കെട്ടിക്കാം
പതിവായ് തോറ്റു പഠിത്തം നിര്‍ത്തിയ
ഹിപ്പി ചങ്ങാതീ
പുതിയൊരു ട്യൂട്ടോറിയലു തുടങ്ങാം
പ്രിന്‍സിപ്പാളാകാം
ഓസില്‍
പ്രിന്‍സിപ്പാളാകാം
വരുവിന്‍ നിങ്ങള്‍ വരുവിന്‍
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ലക്ഷം രൂപാ കൈയ്യില്‍ വന്നാല്‍
കക്ഷികള്‍ കക്ഷത്തിലായീടും
എലക്ഷനു നില്‍ക്കാം
കാലൊന്നു മാറ്റാം
മന്ത്രിയുമായീടാം
ചുളുവില്‍
മന്ത്രിയുമായീടാം
ഒരു രൂപാ നോട്ടു കൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും
ഭാരം താങ്ങിത്തളരുന്നവരേ
ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ
വരുവിന്‍ – നിങ്ങള്‍ വരുവിന്‍
മായമില്ല മന്ത്രമില്ല ജാലവുമില്ല…”
എന്തായാലും കേരളത്തിലെ അനേകം വികലാംഗർക്കും പാവപ്പെട്ടവർക്കുമെല്ലാം അത്താണിയായിരുന്നു
കേരള ലോട്ടറി .
ലോട്ടറിയെ കേരളത്തിൽ ജനകീയമാക്കിയ
പി കെ കുഞ്ഞ് എന്ന ദീർഘവീക്ഷണമുണ്ടായിരുന്ന ധനമന്ത്രിയുടെ
ചരമവാർഷികദിനമാണിന്ന്.
1979 ജൂൺ 24 നാണ് അദ്ദേഹം അന്തരിച്ചത്. ലോട്ടറി ടിക്കറ്റിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സാമൂഹികജീവിതം കേരളത്തിന് ഇനി ആലോചിക്കാൻ കഴിയുമോ എന്ന് തന്നെ സംശയമാണ്. അതുകൊണ്ടുതന്നെ പ്രശസ്തമായ ഈ ഗാനം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു.