പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധം: ഗുഡാലോചനയിലേയ്ക്കു പൊലീസ് അന്വേഷണം; മുപ്പതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; വ്യാജ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തിനു പിന്നിലെ ഗുഡാലോചന കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നും വാട്‌സ്അപ്പിൽ അടക്കം ഓഡിയോ സന്ദേശം പ്രചരിപ്പിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടതെന്നും അടക്കമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളെ പരിഭ്രാന്തരാക്കിയതിനു പിന്നിൽ വ്യാജ ഓഡിയോ സന്ദേശമാണ് എന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഈ ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയാണ് പൊലീസ് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തുന്നതും ഇവരുടെ ഫോണുകൾ പിടിച്ചെടുത്തതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേൽനോട്ടത്തിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറാണ് അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. സംഭവം അറിഞ്ഞ് ഇരുപത് മിനിറ്റിനുള്ളിൽ പായിപ്പാട്ട് ക്യാമ്പിൽ മൂവായിരത്തോളം തൊഴിലാളികൾ ഒത്തു ചേർന്നിരുന്നു.
പത്തനംതിട്ടയിലെ ക്യാമ്പിൽ നിന്നു പോലും നൂറുകണക്കിന് തൊഴിലാളികൾ നിമിഷ നേരം കൊണ്ട് പായിപ്പാട് എത്തിച്ചേർന്നിരുന്നു. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. കൃത്യമായ ആസൂത്രണം നടത്തിയാണ് തൊഴിലാളികളെ ഒത്തു കൂട്ടിയതെന്നാണ് പൊലീസിനു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനുള്ള തെളിവുകൾ ശേഖരിച്ചു വരികയുമാണ്.
ലോക്ക്ഡൗൺ സംബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികളെയും ആളുകളെയും ഇളക്കിവിട്ട് പ്രതിഷേധം സംഘടിപ്പിക്കാൻ ചില സംഘടനകൾ നീക്കം നടത്തുന്നുണ്ട്. ഇതിനു പിന്നിലുള്ള സംഘടനകൾ തന്നെയാണോ പായിപ്പാട്ടെ പ്രതിഷേധത്തിനു പിന്നിലെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന സംശയങ്ങളിൽ ഒന്ന്.
ഡൽഹിയിൽ അടക്കം തൊഴിലാളികൾ പലായനം ചെയ്യുന്നതിന്റെ വീഡിയോ വാട്‌സ്അപ്പിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പ്രചരിച്ച വീഡിയോ എത്തിയത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഗ്രൂപ്പുകളിലാണ്. ഇത് വൻ തോതിൽ ഷെയർ ചെയ്തതാണ് തൊഴിലാളികളുടെ പരിഭ്രാന്തി വർദ്ധിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം സജീവമാക്കിയിരിക്കുന്നത്.