
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് ക്ഷണിച്ച് മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യു ഡി എഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് പലരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
‘ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ജോസ് കെ മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനും യു ഡി എഫിലേക്ക് വരാന്‍ മറ്റ് തടസങ്ങളൊന്നുമില്ല. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്,’ അടൂര്‍ പ്രകാശ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് തിരികെ വന്നാല്‍ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം നിലവില്‍ സീറ്റുകളുടെ കാര്യത്തില്‍ യു ഡി എഫ് ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നും സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റ് ചര്‍ച്ചകള്‍ എല്ലായിടത്തും ഒരു പ്രശ്‌നവുമില്ലാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും സി പി ഐയിലെ നേതാക്കന്മാരും ഉള്‍പ്പെടെ പലരുമായിട്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ചര്‍ച്ചകളെ കുറിച്ചും തുറന്നു പറയാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെ പറഞ്ഞാല്‍ ചര്‍ച്ച വഴിമുട്ടി പോകുമെന്നും അതുകൊണ്ട് എല്ലാ ചര്‍ച്ചകളും ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് ചേക്കേറിയത്. അതിനിടെ ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 ത്തില്‍ അധികം സീറ്റുകളില്‍ മത്സരിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.
കഴിഞ്ഞ തവണ അഞ്ഞൂറിലധികം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമ്മര്‍ദ ശക്തിയാകണം എന്ന് ജില്ലാ നേതാക്കളോട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 900 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ 530 സീറ്റില്‍ വിജയിച്ചിരുന്നു.
മാത്രമല്ല കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചു. കോട്ടയത്ത് 50 ലധികം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അധികാരം ഉറപ്പിക്കാന്‍ ബലം നല്‍കിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യമായിരുന്നു.



