
കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി ശ്രീകുമാർ നിയമിതനായി: കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
തിരുവനന്തപുരം: കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി ശ്രീകുമാർ നിയമിതനായി
കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 35 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം, കേസരി ട്രസ്റ്റ് ട്രഷറർ, ബി.ജെ.പി. മീഡിയ സെൽ സംസ്ഥാന കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപ്പത്രം ഓൺലൈൻ എഡിറ്ററാണ്
കേരളത്തിലെ ആദ്യകാല വായനശാലകളിലൊന്നായ വഞ്ചിയൂർ ശ്രീചിത്തിര ഗ്രന്ഥശാലയുടെ ജോയിന്റ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കേരള കോർഡിനേറ്റർ, ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർവകലാശാല സെനറ്റിൽ കേരള ഗവർണറുടെ പ്രതിനിധിയായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡിലും അംഗമായിരുന്നു.
ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുണിസെഫ് ഫെലോഷിപ്പും, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്‌ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാർ നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ വിഷയങ്ങൾ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ്.
അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.