
തിരുവനന്തപുരം: വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ മുഖം നോക്കാതെ ആക്ഷൻ എടുക്കാൻ തുടങ്ങിയതോടെ ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ വലിയ ആശങ്കയിലാണ്.
ജയിൽ ഡി.ഐ.ജിയെ ഉൾപ്പെടെ വലയിലാക്കിയ വിജിലൻസ് നടപടി ഉദ്യോഗസ്ഥരെയാകെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പൊലീസിനെയും ജയിൽ വകുപ്പിനെയും നിയന്ത്രിക്കുന്ന സെക്രട്ടറിയേറ്റിലെ ഉന്നതൻ്റെ അടുപ്പക്കാരനെയാണ് വിജിലൻസ് പൂട്ടിയിരിക്കുന്നത്.
തടവുകാരിൽനിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കേസിൽ കുടുങ്ങിയ ജയിൽ ആസ്ഥാനകാര്യ ഡിഐജി എം.കെ.വിനോദ്കുമാറിനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലയളവു മുതലുള്ള അന്വേഷണ റിപ്പോർട്ടുകളും പരാതിക്കത്തുകളും സർക്കാർ പൂഴ്ത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു 2023 ഏപ്രിലിൽ അന്നത്തെ മധ്യമേഖലാ ജയിൽ ഡിഐജി ജയിൽ ഡയറക്ടർക്കു കത്തെഴുതിയിരുന്നു. ഈ കത്തും അവഗണിച്ചു.
ഡിഐജിയെ വിരമിക്കാൻ 3 മാസം ബാക്കി നിൽക്കെ, വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൻമേൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
കുത്തഴിഞ്ഞ ജയിൽഭരണത്തിന്റെ ഭാഗമായി തടവുകാരിൽനിന്നു മാത്രമല്ല, സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്നും കൈക്കൂലി കൈപ്പറ്റുന്ന ഉന്നതസംഘമുണ്ടെന്ന സൂചനകളാണു പുറത്തുവരുന്നത്.
വിനോദ്കുമാർ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായിരിക്കെ, നടപ്പാക്കിയ ഔഷധസസ്യക്കൃഷി പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടു നടന്നെന്നും കർശന നടപടിയെടുത്ത്, 2.31 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും 2020ൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു.
വകുപ്പ് നടത്തിയ വിശദാന്വേഷണത്തിലും വിജിലൻസ് കണ്ടെത്തൽ ശരിവച്ചു. എന്നാൽ ഇതുവരെ പണം തിരിച്ചുപിടിച്ചിട്ടില്ല. റിപ്പോർട്ട് നിലനിൽക്കെ, ഡിഐജിയായി സ്ഥാനക്കയറ്റം നേടിയ വിനോദ്കുമാർ, തുടർന്നു ജയിൽ ആസ്ഥാന ഡിഐജി ആയതോടെ ഫയൽ മരവിച്ചു.



