
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിനും കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.
മാണി എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിന് പിന്നാലെ ഇന്നത്തെ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തതോടെ കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന അഭ്യൂഹം ശക്തമാകുകയാണ്. കേരള കോണ്‍ഗ്രസ് (എം) തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ആവശ്യപ്പെടുന്നതിനിടെ ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലെ നിസഹകരണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
അതേസമയം, ഇന്നു നടന്ന സത്യാഗ്രഹത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് എന്നിവർ പങ്കെടുത്തിരുന്നു. എന്നാല്‍, ജോസ് കെ. മാണിയുടെ അസാന്നിധ്യം പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. തുടർച്ചയായി രണ്ട് എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ജോസ് കെ. മാണി, ഇന്നത്തെ സത്യഗ്രഹത്തിലും വിട്ടുനിന്നതോടെ മുന്നണിയോടുള്ള പാർട്ടിയുടെ സമീപനം സംബന്ധിച്ച് സംശയങ്ങള്‍ ഉയർന്നു.
ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫ് മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിശ്ചയിച്ചിരുന്നെങ്കിലും, ആ ചുമതല എൻ. ജയരാജിന് നല്‍കണമെന്ന നിർദേശങ്ങളും ഇപ്പോള്‍ സജീവമാണ്. ഫെബ്രുവരി 6ന് അങ്കമാലിയില്‍ ആരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായാണ് ജോസ് കെ മാണിയെ തീരുമാനിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റ് മേഖലകളിലെ ജാഥകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫിലേക്ക് തിരിച്ചുപോകുമോ?
നിയമസഭാ തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തിനു മുന്നിലെ പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് ഉള്‍പ്പെടുന്ന ശക്തമായ വിഭാഗങ്ങള്‍ മുന്നണി മാറ്റം സജീവമായി പരിഗണിക്കണമെന്ന് ആവശ്യം ഉയർത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഇടതുവിരുദ്ധ വികാരം പ്രകടമായതായും, അതിനെ രാഷ്ട്രീയമായി വായിക്കേണ്ട സമയമാണിതെന്നും ഇവർ വാദിക്കുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് അനുകൂല അന്തരീക്ഷം നിലനിന്നിരുന്നിട്ടും 12 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് (എം) അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. ഈ അനുഭവം കണക്കിലെടുത്താല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു.
അതേസമയം, പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തെരഞ്ഞെടുപ്പ് തൊട്ടുമുൻപ് ഉപേക്ഷിക്കുന്നത് അധികാരലാഭത്തിനായുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന വാദവും ശക്തമാണ്. ചില എംഎല്‍എമാർ എല്‍ഡിഎഫിനൊപ്പം തന്നെ തുടരണം എന്ന നിലപാടിലാണ്. പാർട്ടി എടുക്കുന്ന തീരുമാനത്തോട് ചേർന്നുനില്‍ക്കുമെന്ന് മറ്റു എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി 16ന് ചേരുന്ന ഉന്നതാധികാര യോഗത്തില്‍ വിശദമായ ചർച്ച നടക്കുമെന്നാണ് സൂചന.
യുഡിഎഫിനുള്ളിലും അനുകൂല സ്വരം
കേരളാ കോണ്‍ഗ്രസ് (എം)നെ തിരികെ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗും അനുകൂല നിലപാടിലാണ്. ഭരണപരിവർത്തനം ഉറപ്പാക്കാനുള്ള സാധ്യതകള്‍ ഒന്നും ഉപേക്ഷിക്കരുതെന്നതാണ് ഇവരുടെ നിലപാട്. എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ എതിർപ്പും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആശങ്കകളും വലിയ വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ജോസഫ് വിഭാഗത്തിന് 10 സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയം ലഭിച്ചത്.
കേരളാ കോണ്‍ഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കെത്തിയാല്‍ തങ്ങളുടെ സീറ്റുകള്‍ കുറയുമെന്ന ഭീതിയാണ് ജോസഫ് വിഭാഗം ഉയർത്തുന്നത്.
വരും ദിവസങ്ങളില്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും സീറ്റ് ചർച്ചകള്‍ ശക്തമാകുന്നതോടെ കേരളാ രാഷ്ട്രീയത്തിലെ ഈ അനിശ്ചിതത്വത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍




