
തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ചകൾ സംബന്ധി വിവരം ജോസ് കെ.മാണി ഇന്ന് ദുബായിൽ നിന്ന് വരുന്നതോടെ അറിയാം. ദുബായിയില്‍ ഇപ്പോഴുള്ള ജോസ് കെ മാണി കേരളത്തിലേക്ക് പറന്നിറങ്ങുക യുഡിഎഫ് മുന്നണിയിലേക്ക് ആയിരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.
കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമെന്ന് പ്രചരണം ശക്തമായിരിക്കുകയാണ്.
മുന്നണി വിട്ടു പോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും മറ്റും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ജോസ് കെ മാണിയുടെ നിലപാട് മറ്റൊന്നാണ് എന്ന സൂചനകള്‍ ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്നു.
കെ.എം.മാണിയുടെ പ്രിയ പുത്രനെ ഇടതു ക്യാമ്പില്‍ നിന്നും വലതു ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള വലിയ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് ആണെന്നാണ് പുതിയ വിവരം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകള്‍ മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ ദുബായില്‍ നടക്കുന്നതായി സൂചനകള്‍ പുറത്തുവരുന്നുണ്ട് . ലീഗ് നേതാവും ഗള്‍ഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കുടുംബവും നിലവില്‍ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് മുമ്പും മുന്നണിമാറ്റ ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് ദിവസം മുമ്പാണ് ജോസ് കെ മാണിയും ഭാര്യയും മകനും ദുബായില്‍ എത്തിയത്. അവിടെനിന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി മുന്നണി മാറ്റചർച്ചകളില് ജോസ് കെ മാണി ആശയവിനിമയം നടത്തിയതായാണ് ശക്തമായ അഭ്യൂഹം പരക്കുന്നത്..
മുന്നണിമാറ്റത്തില്‍ ഏകദേശ ധാരണയിലെത്തിയതായും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളതെന്നുമാണ് സൂചന. ആറ് സീറ്റ് യുഡിഎഫ് ഇതിനോടകം ഉറപ്പു നല്‍കിയതായും വിവരമുണ്ട്. അഞ്ച് സിറ്റിങ് സീറ്റ് കൂടാതെ ജോസ് കെ മാണിക്ക് മത്സരിക്കാനായി പാല സീറ്റിലുമാണ് ധാരണയായത്. മറ്റ് സീറ്റുകള്‍ സംബന്ധിച്ചാണ് ഇനി തീരുമാനത്തില്‍ എത്താനുള്ളത്.
തീരുമാനിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച് ജോസ് കെ മാണി ഇന്ന് വൈകിട്ട് കേരളത്തില്‍ തിരിച്ചെത്തും. കേരളത്തില്‍ തിരിച്ചെത്തിയാലും ജോസ് കെ മാണി മനസ്സ് തുറക്കുമോ എന്ന് ഉറപ്പില്ല.



