
കോട്ടയം : പൊതുമേഖല ബാങ്കുകളുടെ കണ്‍സോർഷ്യം വഴി സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നല്‍കുന്നത് മാസങ്ങളായി കുടിശികയായതോടെ നിർണായക നീക്കവുമായി സർക്കാർ.
കേരള ബാങ്കിനെക്കൂടി അടുത്ത വർഷത്തെ നെല്ല് സംഭരണത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെല്‍കർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത് ദോഷമാകുമെന്ന് മനസിലാക്കിയാണ് തീരുമാനം.
മന്ത്രി വി.എൻ.വാസവനാണ് ഇക്കാര്യത്തില്‍ മുൻകൈയെടുത്തത്. കേരള ബാങ്കിന് നല്‍കാനുള്ള 538 കോടി സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം വഴി സമാഹരിച്ച് നല്‍കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കുന്ന ഒമ്പത് ശതമാനം പലിശ നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പി.ആർ.എസ് അനുസരിച്ച് കർഷകരുടെ അക്കൗണ്ടില്‍ പണം ഇടുന്നത് ഇപ്പോള്‍ എസ്.ബി.ഐ, കാനറാ ബാങ്കുകള്‍ വഴിയാണ്. പലിശ നിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരസിച്ചതോടെ പണം വിതരണം ചെയ്യുന്നത് എസ്.ബി.ഐ നിറുത്തിയിരുന്നു. സ്വകാര്യ മില്ലുകളെ പൂർണമായി ഒഴിവാക്കുന്നില്ലെങ്കിലും സർക്കാർ മില്ലുകള്‍ വഴി നെല്ല് സംഭരിക്കാനും അടുത്ത സീസണില്‍ നീക്കമുണ്ട്.
കിടങ്ങൂരെ ആധുനിക സഹകരണ മില്ല് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഇതുവഴി സ്വകാര്യമില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.