ഇന്ന്‌ ശ്രീനാരായണഗുരു 
ജയന്തി;നാടെങ്ങും ആഘോഷം;ശിവഗിരിയിൽ ജയന്തി സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും

Spread the love

ശിവഗിരി :ശ്രീനാരായണ ഗുരുവിന്റെ 171–ാമത്‌ ജയന്തി ഞായറാഴ്ച നാടെങ്ങും വിപുലമായി ആഘോഷിക്കും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ശിവഗിരിയിലും ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളിലുമെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഉണ്ടാകും.

ശിവഗിരിയിൽ പുലർച്ചെ 4.30-ന് പർണശാലയിൽ ശാന്തിഹവനം, 5.10-ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 6-ന് മഹാസമാധിയിൽ ഗുരുപൂജ, 6മുതൽ 6.30വരെ ചതയപൂജ, അവതാര മുഹൂർത്ത പ്രാർഥന എന്നിവയുണ്ടാകും.

ഏഴിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 7.30-ന് ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിക്കും. 9.30-ന് ജയന്തി സമ്മേളനം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും. 11.30-ന് ജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.

മേജർ ഡോ. ഒമർ അൽ മർസൂഖി(ദുബായ്), ആചാര്യ സത്വിന്ദർജി എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് 5-ന് ശിവഗിരിയിൽ ചതയദീപം തെളിക്കും. 5.30-ന് ജയന്തി ഘോഷയാത്ര മഹാസമാധിയിൽനിന്നു പുറപ്പെടും.

ശിവഗിരി എസ്.എൻ. കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, പുത്തൻചന്ത, വർക്കല മൈതാനം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ മട്ടിൻമൂട്, തുരപ്പ് ജങ്ഷൻ വഴി രാത്രി 10-ന് ശിവഗിരിയിൽ തിരിച്ചെത്തും.