video
play-sharp-fill

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ കേരളയാത്ര ജനുവരി 24 ന് ആരംഭിക്കും; ജോസ് കെ മാണി നയിക്കും

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ കേരളയാത്ര ജനുവരി 24 ന് ആരംഭിക്കും; ജോസ് കെ മാണി നയിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവെയ്ക്കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി 24 ന് രാവിലെ 11 മണിക്ക് കാസര്‍ഗോഡ് ചേരുന്ന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിക്കും. ജോഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് നിര്‍വഹിക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. 14 ജില്ലകളിലായി 100 ല്‍ പരം കേന്ദ്രങ്ങളില്‍ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായ വിപുലമായ പൊതുസമ്മേളനങ്ങള്‍ ചേരും. സമ്മേളന ങ്ങള്‍ക്കൊപ്പം ജാഥ കടന്നുവരുന്ന വഴികളില്‍ പ്രവര്‍ത്തകരും ബഹുജനസംഘനകളും ജാഥയെ സ്വീകരിക്കും. 

നാടിന് ദുരന്തങ്ങളും ദുരിതവും സമ്മാനിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരായ ജനരോക്ഷത്തിന്റെ രഷ്ട്രീയമാണ് കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനും സി.പി.എം ന്റെ സോഷ്യല്‍ ഫാസിസത്തിനും എതിരായ വിശാലമായ ജനകീയ പ്രതിരോധം രൂപപ്പെടുത്തുന്ന കേരളയാത്ര 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള പോര്‍മുഖം തുറക്കുക കൂടി ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്‍ഷിക ദുരന്തമാണ് രാജ്യത്തിന് സമ്മാനിക്കുന്നത്. തെറ്റായ സാമ്പത്തിക നയങ്ങള്‍ കടുത്ത ആഘാതം ഏല്‍പ്പിച്ച കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിടുന്നതിനുള്ള പരിശ്രമിത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 


ഹിന്ദി ഹൃദയഭൂമിയിലെ വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരം സമ്മാനിച്ചത് കര്‍ഷകുടെ പോരാട്ടമാണ്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും പ്രതിജ്ഞാ ബദ്ധമായ കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പുതിയ കാര്‍ഷിക സമരങ്ങള്‍ക്ക് കേരളയാത്ര രൂപം നല്‍കും. 


ഇന്ത്യയുടെ മതേതരത്വം ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനങ്ങളെ ജാതിയുടേയും മതത്തിന്റെയും പേരില്‍ വിഭജിക്കുക എന്ന മാപ്പ് നല്‍കാനാകാത്ത കുറ്റകൃത്യമാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ചെയ്തുവരുന്നത്. വര്‍ഗ്ഗീയയുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായി ജനാധിപത്യ മതേതരകക്ഷികള്‍ പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളിലെ തെരെഞ്ഞെടുപ്പ് ഫലം. 


രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ശബരിമലയെ സംഘര്‍ഷഭരിതമാക്കുന്ന സി.പി.എം ന്റെയും ബി.ജെ.പിയുടേയും ഹീനമായ ശ്രമങ്ങളെ ആശങ്കയോടെ നോക്കികാണുകയാണ് കേരളത്തിലെ വിശ്വാസി സമൂഹം. സുപ്രീം കോടതിയെ കബളിപ്പിക്കുന്നതിനായി ആണിനെ പെണ്ണാക്കി വ്യാജരേഖ ചമച്ച സംസ്ഥാനസര്‍ക്കാരിന്റെ ലജ്ജാകരമായ നടപടികള്‍ക്കെതിരായ വികാരം ഈ യാത്രയില്‍ പ്രതിഫലിക്കും. പ്രധാനമന്ത്രിയായപ്പോള്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ പാര്‍ലമെന്റിന്റെ മന്ദിരത്തിന്റെ പടികളെ കുനിഞ്ഞ് നമസ്‌ക്കരിച്ച നരേന്ദ്രമോദിയുടെ പ്രകടനം വെറും കാപട്യമായിരുന്നു ഇപ്പോള്‍ ഇന്ത്യന്‍ ജതന തിരിച്ചറിയുകയാണ്. 


കേരളവും ഇന്ത്യയും നേരിടുന്ന ഇത്തരം വെല്ലുവിളി കള്‍ക്കെതിരായുള്ള രാഷ്ട്രീയത്തിനൊപ്പം പുതിയ കേരളം എന്ന ആശയം കൂടി ജനസദസ്സുകളിലേക്ക് പകര്‍ന്നാണ് കേരളയാത്ര കടന്നുവരുന്നത്. ആധുനിക കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായകമായ നിരവധി ഭരണനപടികളും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയ പാര്‍ട്ടിയാണ് കേരളാകോണ്‍ഗ്രസ്സ്.  കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കാര്‍ഷിക പെന്‍ഷന്‍ മുതല്‍ കാരുണ്യവരെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, വെളിച്ച വിപ്ലവം മുതല്‍ വിദ്യാഭ്യാസം, ജലവിതരണംഅടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍, സമ്പദ്‌വ്യവ സ്ഥയ്ക്ക് കരുത്തുപകര്‍ന്ന 13 ബഡ്ജറ്റുകള്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ കേരളവികസനത്തിന് അതിശക്തമായ അടിത്ത റയാണ് നല്‍കിയത്. 


കാര്‍ഷിക സംസ്‌ക്കാരത്തിന്റെ പുനര്‍ജീവനം ആകണം പുതിയ കേരളം എന്ന ആശയത്തിന് ആധാരമാകേണ്ടത് എന്ന് കേരള കോണ്‍ഗ്രസ്സ് കരുതുന്നു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അഭ്യസ്ഥവിദ്യരായ യുവാക്കളാണ്.ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിജ്ഞാനത്തിന്റെ പറുദീസയായി (ഗിീംഹലറഴല ഔയ)  കേരളത്തെ മാറ്റാന്‍ കഴിയണം.മുഴുവന്‍ ജനതയുടേയും പുരോഗതി ഉറപ്പുവരുത്തുന്ന പുതിയ കേരളത്തിനായുള്ള ഒരു വികസന മാനിഫെസ്റ്റോ രൂപപ്പെടുത്തിയാണ് കേരളയാത്ര കടന്നുവരുന്നത്. യാത്രയെ സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം, മോന്‍സ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.