‘വളയിട്ട കൈകളിൽ വളയം ഭദ്രം’ എന്ന തലക്കെട്ടുകൾ ഇനിവേണ്ട, വീട്ടമ്മയെന്ന വിളിയും വേണ്ട, ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോ​ഗവും നിർത്തണം; മാധ്യമങ്ങളുടെ ഭാഷയിലും സമീപനത്തിനും മാറ്റം വരുത്തണമെന്ന് വനിതാ കമ്മീഷൻ; മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണമെന്ന് ശുപാർശ

Spread the love

കൊല്ലം: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്നും ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള തലക്കെട്ടുകൾ ഒഴിവാക്കണമെന്നും വനിതാ കമ്മീഷൻ. സ്ത്രീകളെ പരാമർശിച്ചുള്ള മാധ്യമങ്ങളുടെ ഭാഷയിലും സമീപനത്തിനും മാറ്റം വരുത്തണമെന്ന് നിർദേശം.

സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കണം. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോ​ഗവും ഒഴിവാക്കണം. ഇത്, സ്ത്രീ ചെയ്തതുകൊണ്ട് മോശമായി എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോ​ഗ്യം, നിക്ഷേപം, സൈനിക സേവനം എന്നിവ പുരുഷന്മാരുടെ കടമയാണെന്നും എന്നാൽ പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം എന്നിവ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നുമുള്ള തരത്തിലുള്ള അവതരണവും ശരിയല്ലെന്ന് കമ്മീഷന്റെ ശുപാർശയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമിച്ചു ജീവിക്കാനായി രഹസ്യമായി കല്യാണം കഴിക്കുമ്പോൾ, ‘രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെയൊപ്പം ഒളിച്ചോടി’ എന്ന രീതിയിൽ സ്ത്രീകളുടെ മുകളിൽ പഴിചാരുന്ന തലക്കെട്ടുകൾ മാറ്റണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങൾക്കുമായി ലിംഗസമത്വത്തിൽ അധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണമെന്നും വനിതാ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നു.