
രാത്രിയില്‍ സ്ത്രീകള്‍ റോഡിലിറങ്ങും; സദാചാരം സടകുടഞ്ഞെണീക്കുന്ന പുരുഷവർഗം വീട്ടിലുള്ളവരെ സംരക്ഷിച്ച് അവിടെയിരുന്നാല്‍ മതി……! കോട്ടയം നഗരമധ്യത്തിൽ തട്ടുകടയിലെത്തിയ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിക്കും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിൽ വിമർശനം ശക്തമാകുന്നു; സദാചാര ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ വേണ്ടത് കര്‍ശന നടപടി; ഉണരൂ സർക്കാരേ ഉണരൂ…….
സ്വന്തം ലേഖിക
കോട്ടയം: കേരളത്തില്‍ സജീവമായിരുന്ന സദാചാര ഗുണ്ടകള്‍ ഇടയ്ക്കൊന്നു മാളത്തില്‍ കയറിയതാണ്. വീണ്ടും സജീവമായിട്ടുണ്ട്.
രാത്രിയില്‍ നഗരത്തില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ ഹാലിളകുന്ന സദാചാര ഗുണ്ടകളെ വീട്ടിലിരുത്തേണ്ട സമയം വൈകിക്കഴിഞ്ഞു. കഴിഞ്ഞദിവസം കോട്ടയം നഗരമധ്യത്തിലാണ് പാന്‍റ്സും ഷര്‍ട്ടുമിട്ട പ്രാകൃതന്മാര്‍ അഴിഞ്ഞാടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജിലെ ഇലക്‌ഷന്‍ ജോലികള്‍ തീര്‍ത്ത് ഭക്ഷണം കഴിക്കാന്‍ തിരുനക്കര ക്ഷേത്രത്തിനടുത്തുള്ള തട്ടുകടയിലെത്തിയ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയുമാണ് മൂന്നംഗ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചത്. രാത്രിയില്‍ പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്നതെന്തിനാണെന്നാണ് സദാചാര ഗുണ്ടകള്‍ക്ക് അറിയേണ്ടിയിരുന്നത്.
ഇതു കേരളമാണെന്ന് ഇത്തരക്കാരെ ഓര്‍മിപ്പിക്കാന്‍ ആവശ്യമായതെന്തോ അതങ്ങു ചെയ്യുകയാണ് മറുപടി.
വൈകിട്ട് പത്തരയോടെയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ സാമൂഹികവിരുദ്ധര്‍ വളഞ്ഞത്. പിന്നീട് അശ്ലീലഭാഷണവും ആംഗ്യങ്ങളുമായി.
തുടര്‍ന്ന് തട്ടുകടയില്‍ നിന്നു സ്കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ അക്രമിസംഘം കാറില്‍ പിന്തുടരുകയും നടുറോഡില്‍ തടയുകയുമായിരുന്നു. ചീത്തവിളി കേട്ടെങ്കിലും പ്രതികരിക്കാതെ വീണ്ടും യാത്ര തുടര്‍ന്നവരെ പിന്തുടര്‍ന്നെത്തിയവര്‍ വഴിയില്‍ തടഞ്ഞു.
കാറില്‍നിന്നിറങ്ങിയ ഗുണ്ടകളിലൊരാള്‍ വിദ്യാര്‍ഥിനിയോടു വീണ്ടും മോശമായി സംസാരിക്കുകയും മറ്റു രണ്ടുപേര്‍ ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്തതോടെ വിദ്യാര്‍ഥിനിയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ ഓടിച്ചിട്ടായിരുന്നു മര്‍ദനം.
രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി സഞ്ചരിക്കരുതെന്നു പറയുന്ന കാലമൊക്കെ കഴിഞ്ഞു. വനിതകള്‍ പുറത്തിറങ്ങുന്നതില്‍ അവരുടെ മാതാപിതാക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കും മക്കള്‍ക്കുമില്ലാത്ത ആധിയൊന്നും ഗുണ്ടകള്‍ക്കും വേണ്ട.
സദാചാര ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. അല്ലെങ്കില്‍ പെണ്‍കുട്ടികളോടു സര്‍ക്കാര്‍ പറയണം, നമ്മുടെ നിരത്തുകള്‍ തങ്ങള്‍ അവകാശപ്പെട്ടതുപോലെ സുരക്ഷിതമല്ലാത്തതിനാല്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങരുതെന്ന്…!