play-sharp-fill
പഞ്ചാബിനെ പറപ്പിച്ച് കേരളാ ടീം ! തൊട്ടതെല്ലാം പൊന്നാക്കി സച്ചിന്‍ ബേബി ; പഞ്ചാബിന്റെ 20 വിക്കറ്റുകളും പങ്കിട്ടെടുത്തത് കേരള ടീമിലെ മലയാളികള്‍ അല്ലാത്ത താരങ്ങൾ ;  രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച വിജയം

പഞ്ചാബിനെ പറപ്പിച്ച് കേരളാ ടീം ! തൊട്ടതെല്ലാം പൊന്നാക്കി സച്ചിന്‍ ബേബി ; പഞ്ചാബിന്റെ 20 വിക്കറ്റുകളും പങ്കിട്ടെടുത്തത് കേരള ടീമിലെ മലയാളികള്‍ അല്ലാത്ത താരങ്ങൾ ; രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച വിജയം

തിരുവനന്തപുരം: പഞ്ചാബിന്റെ 20 വിക്കറ്റുകളും പങ്കിട്ടെടുത്തത് കേരള ടീമിലെ മലയാളികള്‍ അല്ലാത്ത താരങ്ങളാണ്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ കരുത്ത് കാട്ടിയത് ക്യാപ്ടന്‍ സച്ചിന്‍ ബേബി അടക്കമുള്ള മലയാളികളും.

അങ്ങനെ അപൂര്‍വ്വ കോമ്ബിനേഷനിലൂടെ തുമ്ബയില്‍ അത്ഭുത വിജയം നേടുകായണ് കേരളം. രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. കരുത്തരായ പഞ്ചാബിനെയാണ് കേരളാ ടീം പറപ്പിച്ചു വിട്ടത്. ഇതോടെ ഈ സീസണില്‍ അത്ഭുതങ്ങള്‍ക്ക് കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് കേരളം. രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളം ജയിച്ചത്.

 

സ്‌കോര്‍: പഞ്ചാബ് – 194, 142, കേരളം – 179, 158/2

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാമെന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിംഗ്‌സിലെ അതിവേഗ റണ്‍സുയര്‍ത്തലാണ് കേരളത്തിന് വിജയം നല്‍കിയത് എന്ന് വിലയിരുത്താം. ആദ്യ ഇന്നിംഗ്‌സില്‍ പഞ്ചാബ് 194 റണ്‍സാണ് എടുത്തത്. കേരളം 179 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ മത്സരം പഞ്ചാബ് സമനിലയിലാക്കുമെന്ന പ്രതീതി വന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം പഞ്ചാബിനെ എറിഞ്ഞിട്ടും. 142 റണ്‍സിന് പഞ്ചാബ് തകര്‍ന്നപ്പോള്‍ ബാറ്റിംഗ് ദുഷ്‌കരമെന്ന് കരുതിയ പിച്ചില്‍ കേരളം അത്ഭുതം കാട്ടി. രണ്ടു വിക്കറ്റ് നഷടത്തില്‍ 152 റണ്‍സിലെത്തി. മഴയുടെ ഭീഷണിയുള്ളതു കൊണ്ട് തന്നെ സമയവും നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ട് തന്നെ ക്യാപ്ടന്‍ സച്ചിന്‍ ബേബി റിസ്‌ക് എടുത്തു. പതിവ് രീതിവിട്ട് സച്ചിന്‍ ബേബി ഓപ്പണറായി. അത് രോഹന്‍ കുന്നുമ്മലിനും കരുത്തായി. രണ്ടു പേരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അതിവേഗം 73 റണ്‍സ് അടിച്ചു കൂട്ടി. ഈ അടിത്തറയില്‍ കുതിച്ച കേരളത്തിന് മുന്നില്‍ പഞ്ചാബിന് അടിതെറ്റി.

56 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. കേരളാ പ്രിമിയര്‍ ലീഗിന്റെ താരമായി രഞ്ജിക്കെത്തിയ സച്ചിന്‍ ബേബി കരുതലോടെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. രോഹനെ കൊണ്ട് അതിവേഗം തുടക്കത്തില്‍ റണ്‍സ് എടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ബാബ അപരാജിത്താണ് അതിവേഗം റണ്‍സെടുത്തത്. കേരളത്തിന് വേണ്ടി ആദ്യ മത്സരത്തിന് ഇറങ്ങിയ തമിഴ്‌നാട്ടിലെ ഈ കളിക്കാരന്‍ സല്‍മാന്‍ നസീറിനെ കൂട്ടു പിടിച്ച്‌ കേരളത്തിന് മനോഹര വിജയം സമ്മാനിച്ചു. അങ്ങനെ സ്പിന്‍ ബൗളിംഗിനെ പരിധി വിട്ട് പിന്തുണച്ച തുമ്ബയിലെ പിച്ചിലെ നാലാം ഇന്നിംഗ്‌സില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴച്ചില്ലെന്നതാണ് വസ്തുത. 36-ാം ഓവറില്‍ കേരളം വിജയ സ്‌കോര്‍ നേടി. അപ്പോള്‍ ക്രീസിലുണ്ടായിരുന്നത് 39 റണ്‍സുമായി ബാബ അപരാജിത്തും ഏഴു റണ്‍സെടുത്ത സല്‍മാന്‍ നിസാറും. 4.38 എന്ന റണ്‍നിരക്കിലാണ് കേരളം വിജയ സ്‌കോറിലെത്തിയത്. രോഹന്‍ കുന്നുമ്മല്‍ 48 റണ്‍സിന് പുറത്തായത് മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് വേദനയായത്.

 

സ്പിന്നര്‍മാര്‍ കളം വാഴുന്ന കേരള-പഞ്ചാബ് രഞ്ജി ട്രോഫി മത്സരത്തിന് അങ്ങനെ സൂപ്പര്‍ ക്ലൈമാക്‌സും. തുമ്ബ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 15 റണ്‍സ് ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിങ്‌സില്‍ 55.1 ഓവറില്‍ 142 റണ്‍സിനു പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സര്‍വതെ, ബാബ അപരാജിത് എന്നിവരാണ് പഞ്ചാബിനെ കറക്കി വീഴ്ത്തിയത്. ജലജ് സക്‌സേന രണ്ടു വിക്കറ്റ് നേടി. ഇവരെല്ലാം കേരളത്തിന് പുറത്തു നിന്ന് എത്തിയ താരങ്ങളാണ്. ഇവരുടെ മികവിലാണ് പഞ്ചാബിനെ എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ സച്ചിനും രോഹനും തിളങ്ങിയതോടെ അത്യപൂര്‍വ്വ കോമ്ബിനേഷനില്‍ കേരളം ജയിക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ അപ്പാടെ പൊളിഞ്ഞിരുന്നു. പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്‍ ബേബിയുടെ ഓപ്പണര്‍ റോള്‍ അടക്കം നിര്‍ണ്ണായകമായി. എല്ലാ നീക്കവും വിജയിച്ചു. അതായത് അവസാന ദിവസം തൊട്ടതെല്ലാം പൊന്നാക്കി വിജയിക്കുകയാണ് തുമ്ബയില്‍ കേരളം. മഴയും കേരളത്തെ നിരാശപ്പെടുത്താന്‍ എത്തിയില്ല.

പഞ്ചാബ് ഉയര്‍ത്തിയ 158 എന്ന വിജയ ലക്ഷ്യം നേടാനുള്ള പോരാട്ട വീര്യം തുടക്കം മുതല്‍ കേരളം കാട്ടി. രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ പ്രഭ്‌സിമ്രന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. താരം 49 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത് പുറത്തായി. നാലു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 122 പന്തില്‍ 37 റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിങ്ങിന്റെ പ്രതിരോധവും നിര്‍ണായകമായി. 25 പന്തില്‍ 12 റണ്‍സെടുത്ത നേഹല്‍ വധേരയും ഓപ്പണര്‍ അഭയ് ചൗധരിയുമാണ് (12) രണ്ടക്കം കടന്ന മറ്റു  താരങ്ങള്‍. പ്രതിരോധിച്ചാല്‍ വിക്കറ്റ് പോകുന്ന തരത്തിലായിരുന്നു വിക്കറ്റ്. ഇത് മനസ്സിലാക്കിയാണ് കേരളവും രണ്ടാം ഇന്നിംഗ്‌സില്‍ കടന്നാക്രമിച്ചത്.

 

അവസാന ദിനമായ തിങ്കളാഴ്ച മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. 119 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള ഏഴു വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. ഓപ്പണര്‍ നമാന്‍ ധിര്‍ (37 പന്തില്‍ 7), സിദ്ധാര്‍ഥ് കൗള്‍ (0), കൃഷ് ഭഗത് (34 പന്തില്‍ അഞ്ച്), മായങ്ക് മാര്‍ക്കണ്ഡെ (21 പന്തില്‍ 9), രമണ്‍ദീപ് സിങ് (0), ഗുര്‍നൂര്‍ ബ്രാര്‍ (ആറു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇമാന്‍ജോത് സിങ് ചഹല്‍ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ആദിത്യ സര്‍വതെ 19 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. പഞ്ചാബിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്റെ അതിഥി താരങ്ങളാണ്. ഒന്നാം ഇന്നിങ്‌സില്‍ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവര്‍ അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്‌സ് 194 റണ്‍സിനാണ് അവസാനിച്ചത്. ആദ്യ ഇന്നിംഗ്‌സിലും കേരളത്തിന് വേണ്ടി മലയാളികള്‍ക്ക് വിക്കറ്റ് കിട്ടിയില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരും സ്പിന്‍ കെണിയില്‍ വീണു, 179 റണ്‍സിന് കൂടാരം കയറി. ആറു വിക്കറ്റുകളും പിഴുതത് ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ. മുഹമ്മദ് അസറുദ്ദീന്‍ 38 റണ്‍സെടുത്തു. വിഷ്ണു വിനോദ് പുറത്താകാതെ 20 റണ്‍സും നേടി. ഈ രണ്ട് പ്രകടനവും കേരളത്തിന് പഞ്ചാബിനെതിരെ ലീഡ് ചുരുക്കാന്‍ സഹായിച്ചിരുന്നു. ഇതും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.