
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വിവാഹച്ചിലവ് സർക്കാരിനു നൽകി മൂലവട്ടം സ്വദേശി രാജുവും മകനും: വിവാഹത്തിനായി മാറ്റി വച്ചിരുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയാക്കാം ഈ കുടുംബത്തെ
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്ത് ലോക്ക് ഡൗൺ വന്നതോടെ നൂറുകണക്കിന് വിവാഹങ്ങളാണ് സംസ്ഥാനത്തെമ്പാടും മാറ്റി വച്ചത്. എന്നാൽ, വിഷ്ണുവും പിതാവ് രാജുവും കാട്ടിയ മാനുഷിക മൂല്യം എന്നും ചർച്ചയാകുന്നതാണ്.
വിവാഹ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയ ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ഒരു ലക്ഷം രൂപയാണ് കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 20 ന് രാവിലെ 11.30 ന് എറണാകുളത്തു വച്ചാണ് പത്രം ഏജന്റുകൂടിയായ മൂലവട്ടം കുറ്റിവേലിൽ പി.കെ രാജുവിന്റെ മകൻ വിഷ്ണു രാജുവും എറണാകുളം കങ്ങരപ്പടി സ്വദേശിയായ അഭിരാമിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ, കൊറോണയെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിശ്ചയിച്ചിരുന്നതിനാൽ വിവാഹം മാറ്റി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. വിവാഹത്തീയതി മാറ്റി വച്ചെങ്കിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായം നൽകാൻ വിഷ്ണുവും പിതാവ് രാജുവും തീരുമാനിക്കുകയായിരുന്നു. തുടർന്നു ഇരുവരും ചേർന്ന് പെൺകുട്ടിയുടെ കുടുംബവുമായി ഇതേപ്പറ്റി ആലോചിച്ചു.
ഇവർക്കും ഇതിനു സമ്മതമായിരുന്നു. തുടർന്ന് വിവാഹത്തിന്റെ അതേ സമയത്തു തന്നെ കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ ചേംബറിൽ എത്തി രാജുവും മകനും ചേർന്നു തുക കൈമാറി. വിവാഹം നടക്കേണ്ടിയിരുന്ന അതേ സമയത്താണ് ആഘോഷത്തിനായി മാറ്റിവച്ചിരുന്ന തുകയിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു ചെക്ക് ഏറ്റുവാങ്ങി.
നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൻറെ ഭാഗമായാണ് വിവാഹം മാറ്റിവച്ചതെന്നും പിന്നീട് ലളിതമായ ചടങ്ങോടെ നടത്തുമെന്നും പത്രം ഏജൻറായ രാജു പറഞ്ഞു. കളമശേരി കങ്ങാരപ്പള്ളി എം.ജി.എം ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
എം.കോം വിദ്യാർത്ഥിയായ അഭിരാമി കളമശേരി പരിതമോളത്ത് സനു, സനുവിന്റെയും സിന്ധുവിന്റെയും മകളാണ്.
മൂലവട്ടം കുറ്റിവേലിൽ പി.കെ രാജുവിന്റെയും പൊന്നമ്മ രാജുവിന്റെയും മകനാണ് വിഷ്ണു. എയറോനോട്ടിക്കൽ എൻജിനീയറായ വിഷ്ണു ഇപ്പോൾ പത്രം ഏജന്റായ അച്ഛനെ സഹായിക്കുകയാണ്.