play-sharp-fill
തിരിച്ച് വരവിനൊരുങ്ങി കേരള ടൂറിസം; ഒഴുകുന്നത് ലക്ഷക്കണക്കിന് വരുമാനം

തിരിച്ച് വരവിനൊരുങ്ങി കേരള ടൂറിസം; ഒഴുകുന്നത് ലക്ഷക്കണക്കിന് വരുമാനം

തിരുവനന്തപുരം: എല്ലാ വര്‍ഷവും ഉണ്ടാകുന്ന കനത്ത മഴ, കൊവിഡ് 19 മഹാമാരി തുടങ്ങിയവ കേരളത്തിൽ ഉൾപ്പടെ നിരവധി മേഖലകള്‍ക്ക് ഏല്‍പ്പിച്ചത് വലിയ ആഘാതമാണ്.ഇതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റ് ചിലര്‍ അടച്ച്‌ പൂട്ടുകയും നിരവധി മേഖലകള്‍ അടച്ച്‌പൂട്ടല്‍ ഭീഷണിയുടെ വക്കിലുമാണ്.

 

അത്തരത്തില്‍ വെല്ലുവിളി നേരിട്ടിരുന്ന ഒരു മേഖലയുടെ തിരിച്ചുവരവാണ് ഇപ്പോള്‍ ആശ്വാസം പകരുന്നത്.ഒരു കാലത്ത് വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നതിനാല്‍ തന്നെ സമ്പന്നമായിരുന്നു കേരളത്തിന്റെ ടൂറിസം മേഖല. എന്നാല്‍ ഇടക്കാലത്ത് ഇത് വലിയ വെല്ലുവിളികള്‍ നേരിട്ടു. ഇപ്പോഴിതാ ക്രിസ്മസ് അവധിക്കാലത്ത് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ടൂറിസം.

 

കാലത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കിയാല്‍ ടൂറിസത്തിന്റെ വന്‍ സാദ്ധ്യതകള്‍ കേരളത്തില്‍ ഉണ്ട്. ക്രിസ്മസ് – പുതുവത്സര അവധി ആഘോഷിക്കാന്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ നിരവധിയായി എത്തുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ മുന്‍ കാലങ്ങളില്‍ കൂടുതലായി എത്തിയിരുന്നത് വിദേശികളാണെങ്കില്‍ ഇപ്പോള്‍ ആഭ്യന്തര ടൂറിസ്റ്റുകളായി ഉത്തരേന്ത്യക്കാരാണ് കൂടുതലായും കേരളത്തില്‍ എത്തുന്നത്. ജനുവരി മാസത്തോടെ കൂടുതല്‍ വിദേശികളും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനുവരി രണ്ടുവരെ ബുക്കിംഗ് പൂര്‍ണമാണ്. കൊച്ചി, കോവളം എന്നിവിടങ്ങളിലാണ് ന്യൂഇയര്‍ പാര്‍ട്ടികള്‍ പ്രധാനമായും നടക്കുന്നത്. ഇവിടങ്ങളില്‍ മുറികള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. മൂന്നാര്‍, വയനാട് മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളാല്‍ സമൃദ്ധമാണ്. ഉരുള്‍പൊട്ടലിനുശേഷം സഞ്ചാരികള്‍ വരാന്‍ മടിച്ചിരുന്ന വയനാട്ടിലേക്ക് വിദേശികള്‍ ഉള്‍പ്പെടെ എത്തുന്നത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശ്വാസമായി.

 

വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിരവധി അനുബന്ധ മേഖലകള്‍ക്ക് കോളടിച്ചു. ഇക്കൂട്ടത്തില്‍ മുന്നിലുള്ളത് ഹോട്ടല്‍ ഉടമകള്‍ തന്നെയാണ്. ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ഹോട്ടല്‍ മുറികളുടെ വാടക 30 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. പുതിയ വര്‍ഷം ആരംഭിച്ച്‌ ആദ്യ രണ്ട് ആഴ്ച വരെ ഈ തിരക്ക് തുടരാനാണ് സാദ്ധ്യതയെന്നാണ് ടൂറിസം അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.