play-sharp-fill
സുരേന്ദ്രനും രഹന ഫാത്തിമയ്ക്കും ഒരു വിധി: രണ്ടു പേർക്കും  ഇനി പമ്പകടക്കാനാവില്ല; അയ്യപ്പശാപം രഹനയെയും സുരേന്ദ്രനെയും പിൻതുടരുന്നു

സുരേന്ദ്രനും രഹന ഫാത്തിമയ്ക്കും ഒരു വിധി: രണ്ടു പേർക്കും ഇനി പമ്പകടക്കാനാവില്ല; അയ്യപ്പശാപം രഹനയെയും സുരേന്ദ്രനെയും പിൻതുടരുന്നു

തേർഡ് ഐ ബ്യൂറോ

കൊച്ചി: ശബരിമലയിൽ സമരം ചെയ്ത കെ.സുരേന്ദ്രനും, ഇരുമുടിക്കെട്ടുമായി മലകയറാനെത്തി ഷോ കാണിച്ച രഹന ഫാത്തിമയ്ക്കും ഒരേ വിധി. രണ്ടു പേർക്കും ഇനി മണ്ഡല മകരവിളക്ക് കാലം വരെ സന്നിധാനത്തോ പരിസര പ്രദേശത്തോ ഇനി കടക്കാനാവില്ല. കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനാവാത്തപ്പോൾ, രഹന ഫാത്തിമയ്ക്ക് പമ്പയിലോ പരിസരത്തോ ഇനി എത്താനാവില്ല. ഹൈക്കോടതിയിൽ നിന്നും രണ്ടു പേർക്കും ജാമ്യം അനുവദിച്ചപ്പോൾ വച്ച വ്യവസ്ഥ അനുസരിച്ചാണ് ഇനി പത്തനംതിട്ട ജില്ലയിൽ പോലും കടക്കാനാവാത്ത അവസ്ഥയുണ്ടായത്. അയ്യപ്പന്റെ പേരിൽ ഷോ കാണിച്ച രണ്ടു പേർക്കും ഒരേ വിധിയുണ്ടായി എന്ന വാദമാണ് ഇപ്പോൾ അയ്യപ്പഭക്തരായ സാധാരണക്കാർ ഉയർത്തുന്നത്.
ശബരിമലയിൽ വൃശ്ചികം ആദ്യ ദിവസങ്ങളിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി എത്തുന്നത്. ശബരിമലയിലേയ്ക്കു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടെ പമ്പയിൽവച്ച് സുരേന്ദ്രനും പൊലീസും തമ്മിൽ ഉന്തും തള്ളും പിടിവലിയും ഉണ്ടാകുകയും ചെയ്തു. തുടർന്ന് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തു. 21 ദിവസമാണ് കെ.സുരേന്ദ്രന് ജയിലിൽ കഴിയേണ്ടി വന്നത്. ഇതിനു ശേഷം സുരേന്ദ്രൻ ജാമ്യത്തിലിറങ്ങിയെങ്കിലും കർശന ഉപാധികളോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള കർശന ജാമ്യ വ്യവസ്ഥകൾ സുരേന്ദ്രന് പാലിക്കുകയും വേണം.
ഇതിനിടെ തുലാമസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്ത് ഇരുമുട്ടിക്കെട്ടുമായി എത്തി ഷോ കാണിച്ച് കൂട്ടിയ രഹന ഫാത്തമയുടെ സമയമായിരുന്നു. മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് രഹനയ്‌ക്കെതിരെ ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിൽ രഹന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലിൽ അടയ്ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് രഹന ഫാത്തിമയെ കസ്റ്റഡിയിൽ വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയ കോടതി വെള്ളിയാഴ്ച രഹനയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
സുരേന്ദ്രന് നൽകിയതിനു തുല്യമായ ജാമ്യ വ്യവസ്ഥകൾ തന്നെയാണ് രഹനയ്ക്കും കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. എല്ലാ ദിവസവും പമ്പ കോടതിയിൽ എത്തി രഹനയ്ക്ക് ഒപ്പിടണം. അതു പോലെ തന്നെ സുരേന്ദ്രനു പത്തനംതിട്ട ജില്ലയിൽ കടക്കാനാവില്ലെങ്കിലും കോടതി നിർദേശിച്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടേണ്ടി വരും.
കെ.സുരേന്ദ്രന്റെ നിർദേശാനുസരണമാണ് രഹന ഫാത്തിമ ശബരിമല കയറാൻ സന്നിധാനത്തേയ്ക്ക് എത്തിയതെന്ന് പ്രചാരണമുണ്ടായിരുന്നു. കർണ്ണാടകയിൽ നിന്നുള്ള മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം പൊലീസ് യൂണിഫോം അണിഞ്ഞാണ് രഹന മലകയറാൻ തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനെല്ലാം ചേർത്തുള്ള പണിയാണ് രഹനയ്ക്കും സുരേന്ദ്രനും അയ്യപ്പൻ നേരിട്ട് കൊടുത്തിരിക്കുന്നതെന്നാണ് ഇപ്പോൾ ഭക്തർ പറയുന്നത്.