
സർക്കാരെ ഇതോ നവകേരളം: ബാങ്കിന്റെ ജപ്തി നടപടികളെ തുടർന്ന അമ്മയും മകളും തീ കൊളുത്തി: ഗുരുതരമായി പൊള്ളലേറ്റ മകൾ മരിച്ചു; അമ്മ മരണവുമായി മല്ലടിയ്ക്കുന്നു; സംഭവം തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ; അമ്മയെയും മകളെയും കൊലയ്ക്ക് കൊടുത്തത് കാനറാ ബാങ്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാനറാബാങ്കിന്റെ ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കാൻ ശ്രമിക്കുകയും മകൾ മരിക്കുകയും ചെയ്ത സംഭവം നടന്നത് കേരളത്തിന് നാണക്കേടാകുന്നു. നെയ്യാറ്റിൻകര മാരായമുട്ടത്ത് ചന്ദ്രന്റെ ഭാര്യ ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവരാണ് തീ കൊളുത്തിയത്. ആഞ്ചു ലക്ഷ്ം രൂപ വായ്പ എടുത്ത ഇവരുടെ വായ്പാ കുടിശികയായിരുന്നു. ഇതേച്ചൊല്ലി ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരും തീ കൊളുത്തിയത്. ശരീരമാസകലം തീ പൊള്ളിയ മകൾ വൈഷ്ണവി തല്ക്ഷണം മരിച്ചു. 90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ലേഖ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്.

മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം. നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ഇവർ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭർത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഭവന വായ്പയാണ് കുടുംബം എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നു. അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു
ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ഗൃഹനാഥൻ ചന്ദ്രൻ പറയുന്നത്. ഭവന വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബാങ്ക് അധികൃതർ സമീപിച്ചിരുന്നു. അതിനിടെ കുടുംബം ബാങ്കിന് എഴുതി നൽകിയ കത്തും പുറത്തു വന്നു. 6,80000 രൂപ ഉടൻ അടച്ചു തീർക്കാമെന്നാണ് കുടുംബം ബാങ്കിന് എഴുതി നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നൽകിയിട്ടുണ്ട്. കത്തിൽ ഒപ്പിട്ടിരിക്കുന്നത് അച്ഛൻ ചന്ദ്രനും അമ്മ ലേഖയും മകൾ വൈഷ്ണവിയുമാണ്.
കൊള്ളപലിശയ്ക്ക് പിന്നാലെ, കാനറാ ബാങ്ക് അടക്കമുള്ള സ്വകാര്യ ബാങ്കുകൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ നടന്ന് വായ്പ് കെട്ടിയേൽപ്പിക്കുന്ന ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു തവണ കുടിശികയുണ്ടായാൽ തങ്ങളുടെ നിലപാട് മാറ്റും. പിന്നെ ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയാവും ബാങ്കുകൾ പുറത്ത് എടുക്കുക. ഇത്തരത്തിൽ ബാങ്കുകളുടെ പിടിയിൽപ്പെട്ട് ജീവച്ഛവമായ നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്.
Third Eye News Live
0