കേരള സ്റ്റോറി 2 ട്രെയിലർ വിവാദം; സിനിമയ്ക്കെതിരെ ഉയരുന്ന ട്രോളുകൾ കണ്ടാൽ സംവിധായകൻ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യും; ഇത്തരത്തിലൊരു സിനിമ ചെയ്താൽ ബിജെപിക്ക് പ്രയോജനപ്പെടുമെന്നാണെങ്കിൽ അത് നടക്കില്ല; ഡോ. ജോണ്‍ ബ്രിട്ടാസ്

Spread the love

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 വിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരള സ്റ്റോറി 2വിനെ ആഭാസം എന്നാണ് ബ്രിട്ടാസ് വിശേഷിപ്പിച്ചത്.

video
play-sharp-fill

ഇങ്ങനെയൊക്ക ചെയ്തുകഴിഞ്ഞാല്‍ ബിജെപിക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് സംവിധായകന്റെ വിശ്വാസമെങ്കില്‍ അത് ചെലവാകില്ല എന്നും ബ്രിട്ടാസ് വിമർശിച്ചു. ഒരു മതവിഭാഗത്തിനെയും, ഒരു സംസ്ഥാനത്തിനെയും അവഹേളിക്കാനാണ് ഈ സിനിമയെന്നും ഇതുപോലെ കളവ് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി വരെ ഒന്നാം ഭാഗത്തിന്റെ അംബാസഡറായി എന്നും രണ്ടാം ഭാഗത്തിൻ്റെയും അംബാസഡറായും പ്രധാനമന്ത്രി വരട്ടെ എന്നും ബ്രിട്ടാസ് പറഞ്ഞു.

സിനിമയ്‌ക്കെതിരെ ഉയരുന്ന ട്രോളുകളെയും ബ്രിട്ടാസ് എടുത്തുപറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ കണ്ടാല്‍ സംവിധായകനും നിർമാതാവും ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്യും. അല്‍പം ഉളുപ്പുണ്ടെങ്കില്‍ ജീവിച്ചിരിക്കില്ല. ട്രെയിലറില്‍ പെണ്‍കുട്ടിയെ നിർബന്ധിച്ച്‌ ബീഫ് കഴിപ്പിക്കുന്നുണ്ട്. മലയാളി പെണ്‍കുട്ടിയാണെങ്കില്‍ പൊറോട്ടയും കൂടെ ആവശ്യപ്പെട്ടേനെ. മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന സംഭവമാണെങ്കിലും എന്തിനാണ് കേരളത്തെ അപമാനിക്കുന്നത് എന്നും ബ്രിട്ടാസ് ചോദിച്ചു.
കേരളം ലോകത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും തോളോട് തോള്‍ ചേർന്ന് ജീവിക്കുന്നതാണ് കേരളത്തിന്റെ സാമൂഹിക മൂലധനം എന്നും ബ്രിട്ടാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം കച്ചവടക്കാരനെ ബജ്‌രംഗ് ദള്‍ പ്രവർത്തകർ ഭീഷണിപ്പെടുത്തിയപ്പോള്‍ രക്ഷയ്ക്ക് എത്തിയത് ഒരു ഹിന്ദു യുവാവ് ആയിരുന്നു, ദീപക് കുമാർ. അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ കേരള സ്റ്റോറി 2 സംവിധായകൻ അദ്ദേഹത്തെ കുറിച്ച്‌ സിനിമ എടുക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഉത്തർപ്രദേശിലെ ഉന്നാവോയില്‍ ഒരു ബിജെപി എംഎല്‍എ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അല്‍പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കില്‍ സംവിധായകൻ അവിടെ പോയി സിനിമ എടുക്കണം. അതിന് പകരം മലയാളികളുടെ നെഞ്ചത്ത് കയറുന്നത് എന്തിനാണെന്നും ബ്രിട്ടാസ് ചോദിച്ചു. സിനിമ നിരോധിക്കാൻ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും ജനങ്ങള്‍ ഈ സിനിമ കാണട്ടേയെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.