തിരുവനന്തപുരം: സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ ബിന്ദുവിനെ 20 മണിക്കൂർ പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി, അസി. കമ്മീഷണർ റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജില്ലാ പൊലീസ് മേധാവി സൗത്ത് സോണ്‍ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം.പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇരയായ ദളിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സി.സി.റ്റി.വി ദ്യശ്യങ്ങള്‍ പരിശോധിക്കണം. ജനറല്‍ ഡയറി, എഫ്.ഐ. ആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണ കേസിലെടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡി.വൈ. എസ്. പി, അസി. കമ്മീഷണർക്ക് കൈമാറണം. ഇര പട്ടിക ജാതി വിഭാഗത്തിലുള്ളതിനാല്‍ എസ്. സി, എസ്. ടി അതിക്രമ നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്ബർ, ഔദ്യോഗിക – താമസ സ്ഥലം മേല്‍വിലാസങ്ങള്‍ എന്നിവ കമ്മീഷനെ അറിയിക്കണം. ഇരയുടെ മേല്‍വിലാസവും കമ്മീഷനെ അറിയിക്കണം.