കേരളത്തിന് സന്തോഷം നൽകാൻ ബസേലിയസിന്റെ ഗിഫ്റ്റ്..!
സ്‌പോട്‌സ് ഡെസ്‌ക്
കോട്ടയം: കേരളത്തിനു സന്തോഷം നൽകാൻ കോട്ടയത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായ ബസേലിയസിന്റെ ഉശിരൻ ഗിഫ്റ്റ്..! തുടർച്ചയായ മൂന്നാം വർഷവും ബസേലിയസ് കോളേജ് ടീം അംഗം കേരള സന്തോഷ് ട്രോഫി ടീമിനു വേണ്ടി ബൂട്ട് കെട്ടും. ഇക്കുറി കേരളത്തിന്റെ മധ്യനിരയിൽ വിയർത്തു കളിക്കാൻ എഎത്തുന്നത് ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഗിഫ്റ്റി ഗ്രേഷ്യസാണ്. എംജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജിനെ പന്തടിച്ച് വിജയിപ്പിച്ച ഗിഫ്റ്റിയുടെ ബൂട്ടുകൾ കേരളത്തിനു വേണ്ടി പറന്നു കളിക്കുമോയെന്നാണ് ഇനി കാണേണ്ടത്.
തുടർച്ചയായ മൂന്നാം വർഷമാണ് കേരത്തിനു വേണ്ടി ബസേലിയസിന്റെ ചുണക്കുട്ടൻമാർ കളത്തിലിറങ്ങുന്നത്. 2017 ൽ ബൂട്ട് കെട്ടിയ നെറ്റോ ബെന്നിയ്ക്ക് കാര്യമായ സംഭാവന ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം കളത്തിലിറങ്ങിയവർ കയറിയത് കപ്പുമായാാണ്. ജസ്റ്റിൻ ജോർജും, ജിയാദ് ഹസനും, രാഹുലുമാണ് കേരളത്തിനായി കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടിയത്. ഫൈനലിലെ നിർണ്ണായക പെനാലിറ്റി ഗോളാക്കി മാറ്റി ജസ്റ്റിൻ കേരളത്തിനും കോട്ടയത്തിനും സന്തോഷ് നൽകുകയായിരുന്നു.
ഇക്കുറി ഇവരുടെ പിൻഗാമിയാകാനാണ് ബസേലിയസിന്റെ ചുണക്കുട്ടൻ ഗിഫ്റ്റി കളത്തിലിറങ്ങുന്നത്. വയനാട് നടവയൽ ചോലിക്കര ഗ്രേസി, ഗ്രേഷ്യസ് ദമ്പതികളുടെ മകനാണ് ഗിഫ്റ്റി. മലപ്പുറം എം.എസ്.പി സ്‌കൂളിൽ നിന്നും കളി പഠിച്ചെത്തിയ ഗിഫ്റ്റി എല്ലാ തലത്തിലും കേരള ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് സന്തോഷ് ട്രോഫിയിലും എത്തുന്നത്.
തുടർച്ചയായ മൂന്നാം തവണയും ബസേലിയസ് കോളേജ് താരം കേരള ടീമിൽ എത്തിയതിന്റെ ആവേശത്തിലാണ് ഫിസിച്ചൽ എഡ്യുക്കേഷൻ മേധാവി ഡോ.ബിജു തോമസും, സ്‌പോട്‌സ് കൗൺസിൽ കോച്ച് പി.ആർ രാജുവും. സ്‌ട്രൈക്കറായും മിഡ് ഫീൽഡറായും കളിച്ച് പരിചയമുള്ള ഗിഫ്റ്റിയായിരുന്നു ഇത്തവണ എം.ജി സർവകലാശാല ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ.