
വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിയമനം; പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ; അനധികൃത സ്ഥാനക്കയറ്റം ലഭിച്ചവർ മൂന്നു വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസായില്ലെങ്കിൽ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താൻ ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വനം വകുപ്പിലെ ആയിരത്തോളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ. യോഗ്യതയില്ലാത്ത സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്തണമെന്ന സർവീസ് റൂൾ ചട്ടങ്ങൾ മറികടന്ന് നിരവധി പേരാണ് വിവിധ സർക്കിളുകളിൽ വർഷങ്ങളായി ജോലിചെയ്തുവരുന്നത്.
അനധികൃത സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി പ്രൊമോഷൻ ലഭിച്ചാൽ 3 വർഷത്തിനുള്ളിൽ തന്നെ വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കുകയോ 50 വയസ്സ് പൂർത്തിയാവുകയോ വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം, വന്യജീവി നിയമങ്ങളിലുള്ള കൃത്യമായ അറിവ്, ടിമ്പർ ഓപ്പറേഷൻ, വിവിധ സിവിൽ ജോലികളിലുള്ള സാങ്കേതികവും പ്രായോഗികവുമായ പരിജ്ഞാനം എന്നിവയാണ് യോഗ്യതാ പരീക്ഷയിലെ വിഷയങ്ങൾ. ബന്ധപ്പെട്ട വിഷയങ്ങളുടെ പുസ്തകമോ ഇവയുടെ ഫോട്ടോ കോപ്പിയോ വകുപ്പുതല യോഗ്യതാ പരീക്ഷയിൽ ഉപയോഗിക്കാവുന്നതാണ്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി പ്രമോഷൻ ലഭിച്ചവർ മൂന്നു വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസായില്ലെങ്കിൽ കേരള സബോർഡിനേറ്റ് സർവീസ് റൂൾ 13 മ പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കു തന്നെ ഇവരെ തരംതാഴ്ത്തണമെന്നാണ് സർക്കാർ ഉത്തരവ്.
എന്നാൽ ഈ യോഗ്യതാ പരീക്ഷ പാസാകാത്ത നൂറുകണക്കിന് പേരെയാണ് വിവിധ വനം സർക്കിളുകളിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി തുടരാൻ അനുവദിച്ചിരിക്കുന്നത്. ഇതോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റിലുള്ളവർക്ക് തങ്ങളുടെ ആദ്യപ്രമോഷന് ദീർഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണ്.