
കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ കലോത്സവ വേദി ഉണരുന്നു….! കലോത്സവ നഗരിയില്‍ സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി വിവിധ വകുപ്പുകള്‍
സ്വന്തം ലേഖിക
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ഉണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.
കേരള സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 3 മുതല്‍ 7 വരെ ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കം കോഴിക്കോട് നഗരിയില്‍ അരങ്ങേറുമ്പോള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം മുഴുവന്‍ വകുപ്പുകളും അക്ഷീണം പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുകയാണ്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. കലോത്സവ നഗരിയിലെ എല്ലാ വേദികളിലും മെഡിക്കല്‍ ടീമിനെ ഒരുക്കി ആരോഗ്യവകുപ്പ് കൂടെ തന്നെയുണ്ടാകും.
ഒരു വിളിക്കപ്പുറം ആംബുലന്‍സുകളും റെഡിയായിരിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങള്‍ ഒരുക്കിയ ആംബുലന്‍സുകളാണ് മറ്റൊരു പ്രത്യേകത. ആരോഗ്യവകുപ്പിന്‍റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ ടീമുകള്‍ കലാകാരന്‍മാരെയും കാണികളെയും നിരന്തരം വീക്ഷിക്കും.
ഒരു ടീമില്‍ മിനിമം ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കും. ഒരു നഴ്സിംഗ് ഓഫീസറും ഒരു നഴ്സിംഗ് അസിസ്റ്റന്‍റും സംഘത്തില്‍ ഉള്‍പ്പെടും.
മുഖ്യ വേദിയായ വിക്രം മൈതാനില്‍ ഒന്നിലധികം മെഡിക്കല്‍ ടീമുകള്‍ സജ്ജമാണ്. കൂടാതെ എല്ലാ വേദികളിലും മെഡിക്കല്‍ ടീമിനെ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തിക്കും.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ ടീം എല്ലാ വേദികളിലും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള മരുന്നുകളും ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളുമായി കലോത്സവ നഗരിയില്‍ ആരോഗ്യവകുപ്പ് നിറസാന്നിദ്ധ്യം അറിയിക്കും.