play-sharp-fill
കേരളം മുഴുവൻ റെഡ് അലേർട്ട്; മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം

കേരളം മുഴുവൻ റെഡ് അലേർട്ട്; മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം,ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ ബാക്കി രണ്ടു ജില്ലകളിലും കൂടി പ്രഖ്യാപിക്കുകയായിരുന്നു.

ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും കടലിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 35 ഡാമുകൾ തുറന്നു വിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരും. അതിനാൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കാൻ വൈകരുതെന്നും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകർ അല്ലാത്തവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നൽകി. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. മൂന്നാറും വയനാടും പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകൾ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുളള സ്ഥലങ്ങളിൽ ലഭ്യമാക്കാനാണ് നിർദേശം. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആർമിയുടെയും വിഭാഗങ്ങളെ അയച്ചു. അത്യാവശ്യ സഹായത്തിന് അയൽ സംസ്ഥാനങ്ങളെ ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.