സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുരക്ഷ മുൻനിർത്തി 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ആലപ്പുഴ ജില്ലയില്‍ അവധിയുള്ളത്.

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെൻററുകള്‍ക്കും അവധിയായിരിക്കും. കൂടാതെ കാർത്തികപള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജിലെ തെക്കേകര ഗവ. എല്‍ പി സ്കൂളിനും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയില്‍ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.