പെയ്തൊഴിയാതെ മഴ വീണ്ടും കനത്തു; എട്ടുവരെ ശക്‌തമായ മഴ; മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനിടയുള്ളതിനാല്‍ അതിതീവ്രമഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌; ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്‌; ദുരന്തനിവാരണസേനയുടെ ഒന്‍പതുസംഘങ്ങളെ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ വിന്യസിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുവരെ ശക്‌തമായ മഴയ്‌ക്കും ഇന്ന്‌ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയെന്നു കേന്ദ്രകാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനിടയുള്ളതിനാല്‍ അതിതീവ്രമഴയ്‌ക്കും സാധ്യത.

ഇന്ന്‌ കന്യാകുമാരി തീരം, മന്നാര്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കുപടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തിലും അറബിക്കടലില്‍ കേരള-കര്‍ണാടക തീരം, തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 കി.മീ. വരെ േവഗത്തിലും കാറ്റ്‌ വീശിയേക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്‌.

വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത്‌ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും ഷിയര്‍ സോണിന്റെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ്‌ ശക്‌തമാകുന്നതിന്റെയും സ്വാധീനഫലമായി എട്ടുവരെ ശക്‌തമായ മഴയ്‌ക്കും ഇന്ന്‌ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണു കേന്ദ്രകാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ ദുരന്തനിവാരണസേനയുടെ ഒന്‍പതുസംഘങ്ങളെ ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്‌, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിന്യസിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഡിഫന്‍സ്‌ സര്‍വീസ്‌ കോപ്‌സ്‌ എന്നിവയുടെ രണ്ടുസംഘങ്ങളെ വീതവും കരസേന, നാവികസേന, തീരസേന എന്നിവയുടെ ഓരോ സംഘങ്ങളെയും സംസ്‌ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ഇതുവരെ 6411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ജില്ലാ കലക്‌ടര്‍മാര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല. വയനാട്‌ ജില്ലയില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക്‌ അവധി ബാധകമല്ല. എം.ജി. സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഓറഞ്ച്‌ അലെര്‍ട്ട്‌

ഇന്ന്‌: ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.

യെലോ അെലര്‍ട്ട്‌

ഇന്ന്‌: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം.
നാളെ: ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.
മറ്റന്നാള്‍: ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.
എട്ടിന്‌: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.