വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴയെത്തുന്നു;ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നു;നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകാൻ വേനൽ മഴയെത്തുന്നു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

video
play-sharp-fill

ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനുമായി രൂപപ്പെട്ട ന്യൂനമർദം നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു.

ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും ഫെബ്രുവരി 18-ഓടെ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഈ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഫലമായി വരും ദിവസങ്ങളിൽ താഴെ പറയുന്ന ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കാം.

ഫെബ്രുവരി 19 മുതൽ 21 വരെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഫെബ്രുവരി 20, 21 തീയതികളിൽ: ഇടുക്കി.

ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മഴയുടെ അളവിൽ മാറ്റമുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വേനൽ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.