ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചെലവുകൂടി സർക്കാർ വഹിക്കണം ; പി എസ് സി ചെയർമാന്റെ ആവശ്യം സർക്കാർ തള്ളി

ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചെലവുകൂടി സർക്കാർ വഹിക്കണം ; പി എസ് സി ചെയർമാന്റെ ആവശ്യം സർക്കാർ തള്ളി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഔദ്യോഗികയാത്രയിൽ ഒപ്പമുള്ള ഭാര്യയുടെ ചിലവു കൂടി വഹിക്കണമെന്ന പി.എസ്.സി ചെയർമാന്റെ ആവശ്യം സർക്കാർ തള്ളി. പി.എസ്.സി ചെയർമാനുവേണ്ടി മാത്രം ഇളവു നൽകാനാവില്ലെന്നത് സംബന്ധിച്ചുള്ള ഫയൽ പൊതുഭരണ വകുപ്പിനു കൈമാറി. ആവശ്യമെങ്കിൽ ചെയർമാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളിൽ ചിലവ് പരിഗണിക്കാമെന്നും ഫയലിൽ കുറിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയർമാൻമാർക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയർമാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇക്കാര്യം കുറിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു പൊതുഭരണവകുപ്പിനു കൈമാറി. ഇക്കാര്യം പൊതുഭരണ വകുപ്പ് പി.എസ്.സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും.ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയർമാൻ ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചിലവ് സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാനം ഇക്കാര്യം മാതൃകയാക്കണമെന്നായിരുന്നു എം.കെ.സക്കീറിന്റെ ആവശ്യം. നിലവിൽ ഹൈക്കോടതി ജഡ്ജിമാർ, ചീഫ് ജസ്റ്റിസ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ജീവിത പങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സർക്കാർ ഉത്തരവുളളത്. ഇത് ആദ്യമായാണ് പി.എസ്.സിയിൽ നിന്ന് ഇത്തരമൊരാവശ്യം സംസ്ഥാന സർക്കാരിനു മുന്നിലെത്തിയത്.