കാക്കിക്കുള്ളിലെ ക്രൂരതകൾ;കുളത്തൂപ്പുഴ സ്റ്റേഷനിലും കസ്റ്റഡി മർദനം;സ്റ്റേഷനിലെത്തിച്ച് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പോലീസുകാരിലൊരാളുടെ കാലുകൾക്കിടയിലേക്ക് തല തിരുകിയശേഷം മർദനം; പ്ലയർ ഉപയോഗിച്ച് പല്ലുകൾ വലിച്ചിളക്കിയതായി പരാതി

Spread the love

കൊട്ടാരക്കര:കാക്കിക്കുള്ളിലെ ക്രൂരതകൾ അവസാനിക്കുന്നില്ല.കുളത്തൂപ്പുഴ സ്റ്റേഷനിലും കസ്റ്റഡി മർദനം.
കുളത്തൂപ്പുഴ പോലീസിന്റെ കസ്റ്റഡി മർദനത്തിനിടെ തൊഴിലാളിയുടെ മൂന്നു പല്ലുകൾ പ്ലയർ ഉപയോഗിച്ച് വലിച്ചിളക്കിയതായി പരാതി. ചോഴിയക്കോട് ഷിജുഭവനിൽ അനിൽകുമാറാ(50)ണ്‌ റൂറൽ ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി ‌നൽകിയത്. കഴിഞ്ഞ 31-നായിരുന്നു സംഭവം.

പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടിയ അനിൽകുമാറിന്റെ മൂന്നു പല്ലുകൾ നീക്കംചെയ്യേണ്ടിവന്നു. ഞായറാഴ്ച രണ്ടോടെ മൈലംമൂടിനു സമീപത്തുനിന്നാണ് അനിൽകുമാറിനെ കുളത്തൂപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.

സുഹൃത്തുക്കൾക്കൊപ്പം വരവെ എസ്‌ഐ ഉൾപ്പെടെ മൂന്നു പോലീസുകാർ തടഞ്ഞുനിർത്തുകയും മദ്യപിച്ചിട്ടുണ്ടോയെന്നു ചോദിച്ച് അസഭ്യം വിളിക്കുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു. അസഭ്യം വിളിക്കുന്നതിനെ ചോദ്യംചെയ്ത അനിൽകുമാറിനെ പോലീസുകാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീപ്പിനുള്ളിൽവെച്ചുതന്നെ മർദനം തുടങ്ങി. സ്റ്റേഷനിലെത്തിച്ച് ആളൊഴിഞ്ഞ ഭാഗത്ത് എത്തിക്കുകയും പോലീസുകാരിലൊരാളുടെ കാലുകൾക്കിടയിലേക്ക് തല തിരുകിയശേഷം മർദനം തുടരുകയുമായിരുന്നു. തുടർന്നാണ് വായപിളർത്തി ഇരുമ്പ്‌ പ്ലയർ ഉപയോഗിച്ച് മൂന്നു പല്ലുകൾ വലിച്ചിളക്കിയത്‌. ഇതോടെ ബോധം നഷ്ടമായ അനിൽകുമാറിനെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചശേഷം ജാമ്യത്തിൽ വിടുകയുമായിരുന്നു.

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്‌ വീണ്ടും താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടുകയും വലിച്ചിളക്കിയ മൂന്നു പല്ലുകളും ഡോക്ടറുടെ നിർദേശത്തെ തുടർന്ന് നീക്കംചെയ്യുകയുമായിരുന്നു. ശാരീരികമായും മാനസികമായും അസ്വസ്ഥനായിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും അനിൽകുമാർ എസ്‍പിക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.