
കോഴിക്കോട്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചു വന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിന്റെ സഹകരണത്തിൽ കോഴിക്കോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ രാസലഹരി ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലായി. രാജ്യാന്തര ലഹരിമരുന്ന് റാക്കറ്റിലെ ഏഴു വിദേശികളടക്കം എട്ടു പേരാണ് പിടിയിലായത്
രാസലഹരി കേസുകളിൽ അറസ്റ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും വൻതോതിൽ രാസലഹരി ഉൽപാദിപ്പിക്കുന്ന ‘കിച്ചനു’കൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഈ വർഷം ഫെബ്രുവരി 16 ന് ടൗൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പുതുക്കോട്ട് സ്വദേശി പേങ്ങാട്ട് കണ്ണനാരിപറമ്പ് വീട്ടിൽ സിറാജിനെ (31) ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ഡാൻസാഫും ചേർന്ന് 778 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ പ്രതി ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗമാണ് മയക്കുമരുന്ന് കൊണ്ട് വന്നതെന്ന് കണ്ടെത്തി. പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈലും പരിശോധിച്ചപ്പോൾ ലഹരിമരുന്നു വാങ്ങിയത് നൈജീരിയൻ സ്വദേശിയിൽ നിന്നാണെന്നും മനസ്സിലായി. പ്രതിയുടെ അക്കൗണ്ടിൽ നിന്നു മറ്റ് രണ്ട് നൈജീരിയൻ സ്വദേശികളുടെ അക്കൗണ്ടിലേക്കും പണം കൈമാറിയെന്നും ഈ പണം ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വച്ചാണ് പിൻവലിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
.ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടാണിതെന്നു മനസ്സിലാക്കിയ പൊലീസ് അക്കൗണ്ട് ഉടമകളായ നൈജീരിയൻ പൗരന്മാരായ ഡേവിഡ് (ഉഗോചുക്വു ജോൺ), ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ ഇതിലെ കണ്ണികളാണെന്ന് കണ്ടത്തി. ഇവരുടെ ലൊക്കേഷൻ ഹരിയാനയിലെ ഗുരുഗ്രാം എന്ന സ്ഥലത്താണ് എന്നു വ്യക്തമായതോടെ ടൗൺ പൊലീസ് ഇക്കാര്യം ഹരിയാന പൊലീസിനെ അറിയിച്ചു.
കോഴിക്കോട് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് നൈജീരിയക്കാർ താമസിക്കുന്ന ഗുരുഗ്രാമിൽ എത്തി സ്ഥലം റെയ്ഡ് ചെയ്തു. റെയ്ഡിൽ സിന്തറ്റിക് ലഹരിമരുന്നുകൾ അനധികൃതമായി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയൻ സ്വദേശികളും ഒരു നേപ്പാൾ സ്വദേശിയും ഒരു മിസ്സോറാം സ്വദേശിനിയും ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു.
വിദേശികളായ പ്രതികളിൽ ഒകോലി റൊമാനസ് എന്ന നൈജീരിയക്കാരനൊഴികെ ബാക്കിയുള്ള വിദേശികൾക്ക് സാധുവായ ടൂറിസ്റ്റ് വീസയോ, റസിഡൻഷ്യൽ വീസയോ, ഇന്ത്യയിൽ തങ്ങുന്നതിനുള്ള മറ്റ് രേഖകളൊന്നും ഇല്ലായിരുന്നു. പ്രതികൾ ഡാർക്ക് വെബ് ഉപയോഗിച്ചാണ് പ്രധാനമായും ലഹരിമരുന്നു കച്ചവടം നടത്തിവന്നത്. പിടിയിലായവരിൽ ചില പ്രതികൾക്ക് ഇതിനുമുൻപ് ഡൽഹിയും ഹിമാചലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. ഹരിയാന ഗുരുഗ്രാമിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് രാസലഹരികൾ എത്തിക്കുന്ന കിച്ചനുകൾ പൊലീസ് കണ്ടെത്തിയത്