
തിരുവനന്തപുരം: ഈ വർഷം അവസാനിക്കാനിരിക്കെ കഴിഞ്ഞ വർഷത്തെ കണക്കിനൊപ്പമോ, കൂടുതലോ പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് നെട്ടോട്ടത്തിലാണ് പോലീസുകർ.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരിൽ പലരും ശബരിമല ഡ്യൂട്ടിയിലാണ്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളിലും പ്രത്യേക ഡ്യൂട്ടിക്കായി ലോക്കൽ പോലീസുകാരെയാണ് വിന്യസിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്വാട്ട തികയ്ക്കാനുള്ള സമ്മർദ്ദം.
പല പോലീസ് സ്‌റ്റേഷനുകളിലും ഇരുപതോ അതിൽ കൂടുതലോ പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്താലെ കണക്കൊപ്പിക്കാൻ കഴിയൂ. ഇതിനായി വാഹനവുമായി നിരത്തിലിറങ്ങുന്നവരെയാണ് പോലീസ് പെറ്റിക്കേസിനായി ലക്ഷ്യംവെയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ എ.ഐ. ക്യാമറകളിൽ ഗതാഗതനിയമ ലംഘനം രേഖപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെയാണ് പോലീസിന്റെ പരിശോധനയും. റോഡുവക്കിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്തുപോലും എണ്ണം കൂട്ടാനായി പെറ്റിക്കേസ് എടുക്കുന്നതായി ആക്ഷേപം ഉയരുകയാണ്. വാഹനത്തിന്റെ രേഖകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ കേസും ഉറപ്പാണ്.
പല സ്റ്റേഷനുകളിലും പോലീസുകാരുടെ കുറവുള്ളപ്പോഴാണ് പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ലോക്കൽ പോലീസിലുള്ളവർ നെട്ടോട്ടമോടുന്നത്. പോലീസ് ഇത്തരത്തിൽ ഒപ്പിച്ചെടുക്കുന്ന പെറ്റിക്കേസുകളുടെ പിഴത്തുക ഓൺലൈനായി അടയ്ക്കാനാവില്ല. പകരം കോടതിയിൽ ഹാജരായി അടയ്‌ക്കേണ്ടിവരുന്നു.