
ഇനിമുതൽ രക്തം വേണമെങ്കിൽ കേരള പൊലീസ് തരും; അടിയന്തര ഘട്ടങ്ങളിൽ രക്തത്തിനായി പോൽ ബ്ലഡ് സേവനം പ്രയോജനപ്പെടുത്താം; രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാം; ഇതുവരെ ‘പോൽ ബ്ലഡ്’ വഴി എത്തിച്ചത് ഒരു ലക്ഷത്തോളം യൂണിറ്റ് രക്തം
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പൊലീസിന്‍റെ പോൽ ബ്ലഡ്. അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്‍റെ സഹായത്തോടു കൂടിയാണ് പ്രവർത്തനം.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേ സ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക.
രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും. രക്തം അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല. രക്ത ദാനത്തിനും തയ്യാറാകണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ കേരള പൊലീസിന് കഴിഞ്ഞു. രക്തദാനത്തിന് എല്ലാവരും മുന്നോട്ട് വന്നാൽ മാത്രമേ ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് കേരള പൊലീസ് അറിയിച്ചു.