കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ മുപ്പത്തിനാലാമത് ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു ; മന്ത്രി വി എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

Spread the love

ഏറ്റുമാനൂർ : കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിനാലാമത് കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടന്നു. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലുമെല്ലാം വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന പൊലീസ് സേനയാണ് ജില്ലയിലും സംസ്ഥാനത്താകമാനവും ഉള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. രാജ്യത്തിന് അഭിമാനമായി മാറിയ പൊലീസ് സേനയുള്ള സംസ്ഥാനമാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം ജില്ലയിൽ സമീപകാലത്തുണ്ടായ ഒട്ടുമിക്ക പ്രധാന വിഷയങ്ങളിലും കുറ്റക്കാരെ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ജില്ലയിലെ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും,രാജ്യത്തിന്റെ പലഭാഗങ്ങളിലും വർഗ്ഗീയ സംഘർഷങ്ങൾ നടക്കുമ്പോഴും കേരളത്തിൽ അത്തരം സാഹചര്യങ്ങളുണ്ടാകാത്തതിന് ഒരു കാരണം സർക്കാരിന്റെ നിലപാടും മറ്റൊന്ന് പൊലീസിൻ്റെ ജാഗ്രതയും സമചിത്തതയോടെയും സന്ദർഭോചിതവുമായ ഇടപെടലുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസന്വേഷണത്തിലും സേനാഘടനയിലുമെല്ലാം കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തി പൊലീസിൻ്റെ ജോലിഭാരവും ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷവും കുറയ്ക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും സേനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടുന്നതാണ് നല്ലതെന്നും ത്രി അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളിലും കാലാനുസൃതമായ പരിഷ്കാരം നടത്താനും ഡിഎ കുടിശിക അടക്കം കൊടുത്തു തീർക്കാനും നടപടി ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

കെപിഒഎ ജില്ലാ പ്രസിഡന്റ് കെ ആർ പ്രശാന്ത് കുമാർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, അഢീഷണൽ എസ്പി വി സുഗതൻ, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ, കോട്ടയം ഡിവൈഎസ്പി എം കെ മുരളി, കെപിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ്, ബിനു കെ ഭാസ്കർ, എംഎസ് തിരുമേനി, സുരേഷ് കുമാർ കെ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം എസ് പി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.

റിപ്പോർട്ടുകളുടെ അവതരണം, പ്രമേയ അവതരണം, ചർച്ച, അവാർഡ് ജേതാക്കളെ ആദരിക്കൽ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.