
സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തരുത് ; പൊലീസുകാർക്ക് കർശന നിർദേശവുമായി ഡിജിപി
സ്വന്തം ലേഖിക
കൊല്ലം: സംസ്ഥാനത്തെ പൊലീസുകാർക്ക് കർശന നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ഇനി മുതൽ പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താൻ പാടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. നിയമവിരുദ്ധമായി ഇങ്ങനെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണമെന്നും അവർക്ക് നിയമ സഹായവും ആരോഗ്യ സംരക്ഷണ പ്രവർത്തകൻറെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ക്രിമിനൽ നടപടി ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാൽ, വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധപുലർത്തണം.
മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കിൽ വ്യാഖ്യാതാവിൻറെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്.
സ്ത്രീകളെ സാക്ഷിയായി പോലീസ് സ്റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാൻ പാടില്ല. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം.
മൊഴി രേഖപ്പെടുത്തിയതിൽ ഒപ്പിടാൻ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളോട് ആവശ്യപ്പെടരുത്. എല്ലാ പോലീസ് സ്റ്റേഷൻ മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.