സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവിധ തരം തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് എപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോഴുള്ള തട്ടിപ്പുകളുടെ വിവിധ രൂപങ്ങളെക്കുറിച്ച് അവബോധം നല്‍കാറുമുണ്ട്. ഫെയ്‌സ് ബുക്ക് പോസറ്റില്‍ വളരെ രസകരമായ തലക്കെട്ടുകളോടെയും വിവരങ്ങണങ്ങളിലൂടെയുമാണ് കേരള പൊലീസ് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാറ്.
ഇത്തവണയും അതുപോലൊരു തട്ടിപ്പിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്കും ഓണ്‍ലൈനായും വില്‍ക്കുന്നുവെന്നുള്ള ഓഫറുകള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്നാണ് പൊലീസ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാന്‍സ് പേജ് അല്ലെങ്കില്‍ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം.
പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ലിങ്കുകളും അയച്ചുകൊടുക്കുന്നു.
വിശ്വാസം നേടിയെടുക്കന്നതിനായി മുമ്പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജ ഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരുപക്ഷെ ആ കമ്പനി അമ്പത് വര്‍ഷംപോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുതയെന്നും പൊലീസ് പറയുന്നു. ദയവായി ഇത്തരം ഓഫറുകളില്‍ പോയിതലവച്ചുകൊടുക്കാതിരിക്കണമെന്നും ഇത്തരം വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.