ബാംഗ്ലൂർ പോലീസിനെ കടത്തിവെട്ടി കേരളാ പോലീസ്: രാജ്യത്തെ ഏറ്റവും കൂടുതൽ ലൈക്കുള്ള പൊലീസ് പേജായി കേരളാ പൊലീസ്; ബോധവൽക്കരണവും ട്രോളുമൊക്കെയായി നമ്മടെ പൊലീസ് കുതിപ്പിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്കുകൾ സ്വന്തമാക്കി കേരളാ പോലീസ് ഒന്നാം സ്ഥാനത്ത്. കുറ്റാന്വേഷണ രംഗത്ത് രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നായ കേരള പൊലീസ് ബാംഗ്ലൂർ പൊലീസിനെ കടത്തിവെട്ടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ബാംഗ്ലൂർ സിറ്റി പൊലീസിന്റെ 6.26 ലക്ഷം ലൈക്കുകളെ മറികടന്നാണ് കേരളാ പൊലീസിന്റെ സോഷ്യൽ മീഡിയാ വിഭാഗം കുതിപ്പ് തുടരുന്നത്. 6,43000ത്തിലധികം ലൈക്കുകളുമായിട്ടാണ് സംസ്ഥാനസേനയുടെ സോഷ്യൽ മീഡിയ പേജ് കുതിച്ചുയരുന്നത്. ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനമാണ് കേരളാ പൊലീസ് കാഴ്ചവെക്കുന്നത്. പൊലീസിലെ സോഷ്യൽ മീഡിയ വിഭാഗം തന്നെയാണ് ഈ വാർത്ത സന്തോഷപൂർവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നിലവിൽ ആറു സിവിൽ പൊലീസ് ഓഫീസേഴ്സ് അടങ്ങുന്ന പാനലാണ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്നത്. ബോധവത്കരണ പരിപാടികളും, മാർഗനിർദ്ദേശങ്ങളുമാണ് ഫേസ്ബുക്ക് വഴിയുള്ള സേനയുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നേരിട്ട് പൊലീസിനോട് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതികൾ പങ്കുവെക്കാനും സൈബറിടത്തിലെ പരാതികൾക്കും സംശയങ്ങൾക്കും മറുപടി നൽകുവാനും പൊലീസ് സേന സദാ സമയവും ഫെയ്സ് ബുക്ക് പേജിലൂടെ സന്നദ്ധമാണ്. മോമോ ഗെയിമും ബ്ലുവെയിൽ ഗെയിമുകൾ ഉൾപ്പടെയുള്ള അപകടകരമായ ഗെയിമുകൾക്കെതിരെ പൊലീസ് സേനയുടെ ബോധവൽക്കരണം മികച്ചതായിരുന്നു. സേനയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ജാഗ്രതാ നിർദ്ദേശം നൽകുന്നതിലും സോഷ്യൽ മീഡിയ വിഭാഗം മികച്ച പങ്കാണ് വഹിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group