play-sharp-fill
കേരള പൊലീസിലെ ഡയറക്ട് എസ് ഐ മാർ സുഖവാസ കേന്ദ്രത്തിൽ: പ്രായം പരിധികടന്നവർ പണിയെടുത്തു മടുക്കുന്നു

കേരള പൊലീസിലെ ഡയറക്ട് എസ് ഐ മാർ സുഖവാസ കേന്ദ്രത്തിൽ: പ്രായം പരിധികടന്നവർ പണിയെടുത്തു മടുക്കുന്നു

ഏ കെ ശ്രീകുമാർ

കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ  ഡയറക്ട് എസ്.ഐമാർ സ്‌പെഷ്യൽ യൂണിറ്റുകൾ എന്ന മടിയൻക്യാമ്പിലേയ്ക്കു ഒതുങ്ങുന്നു. കോട്ടയം അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറിലേറെ ഡയറക്ട് എസ്.ഐമാരാണ് ജില്ലാ കേന്ദ്രങ്ങളിലെ സ്‌പെഷ്യൽ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും അടക്കം ചേക്കേറിയിരിക്കുന്നത്. സ്റ്റേഷൻ ഭരണം സി.ഐമാർക്കു കൈമാറിയതോടെ തങ്ങൾക്ക് ഷൈൻ ചെയ്യാനുള്ള ചാൻസ് കുറഞ്ഞതാണ് ഡയറക്ട് എസ്.ഐമാരുടെ മനസ് മടുപ്പിച്ചത്.

കോട്ടയം ജില്ലയിലെ മിടുക്കന്മാരും ജനകീയരുമായ മൂന്ന് എസ്.ഐമാർ സ്‌പെഷ്യൽ ബ്രാഞ്ച് എന്ന സുഖവാസ കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. തട്ടുകേടില്ലാതെ കാലം കഴിക്കാൻ സേഫ് ഈ യൂണിറ്റുകളാണെന്നാണ് ഇവരുടെ വാദം. എന്നാൽ, ഡയറക്ട് എസ്.ഐമാരില്ലാതെ സ്റ്റേഷനുകൾ വീർപ്പ് മുട്ടുമ്പോഴാണ് ഇവരുടെ ഒളിച്ചു കളി.

പൊലീസ് സ്റ്റേഷനുകളുടെ വിഭജനം പൂർത്തിയാകുകയും, സിഐമാർക്ക് സ്റ്റേഷൻ ചുമതല നൽകുകയും ചെയ്തതോടെ രണ്ടു എസ്.ഐ തസ്തികയായി സ്‌റ്റേഷനുകളിൽ. ക്രൈമിനും, ക്രമസമാധാന പാലനത്തിനുമായി രണ്ട് എസ്.ഐമാർ നിർബന്ധമായും വേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഡയറക്ട് എസ്.ഐമാരുടെ നിയമനം അത്യാവശ്യമായി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുള്ള എസ്.ഐമാരിൽ പലരും പ്രമോഷൻ ലഭിച്ചവരാണ്. മുൻപ് തങ്ങളുടെ തോളിൽ കയ്യിട്ട് നടന്ന പ്രമോഷൻ എസ്.ഐമാർ പറയുന്നത് അനുസരിക്കാൻ പല പൊലീസുകാർക്കും താല്പര്യമില്ല. ഇത് പൊലീസ് സ്റ്റേഷനുകളുടെ സ്വാഭാവിക അന്തരീക്ഷത്തിന് മാറ്റം വരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡയറക്ട് എസ്.ഐമാരുടെ വാക്കുകൾക്ക് പൊലീസുകാർ വില നൽകുകയും ചെയ്യും. ഇത് കൂടാതെയാണ് യുവാക്കളായ എസ്.ഐമാർക്ക് സമൂഹത്തിൽ ലഭിക്കുന്ന വില.

പ്രായമായ എസ്.ഐമാർക്ക് പരിചയ സമ്പത്ത് കൂടുതലാണെങ്കിലും ചുറുചുറുക്കും പ്രശ്‌നങ്ങളിൽ ഇടപെടുന്ന ചടുലതയും കുറയും. എന്നാൽ, യുവാക്കൾ എസ്‌ഐമാരായി ഉണ്ടെങ്കിൽ ആവേശത്തോടെ ഓരോ പ്രശ്‌നങ്ങളെയും സമീപിക്കും. ഈ സാഹചര്യത്തിലാണ് യുവ എസ്.ഐമാരിൽ പലരും ഒളിച്ചു കളി തുടരുന്നത് വിവാദമായി മാറിയിരിക്കുന്നത്.

നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് അടക്കമുള്ള സ്‌പെഷ്യൽ യൂണിറ്റുകളിൽ ജോലി ചെയ്തിരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും, പ്രായത്തിന്റെ അവശതകളുള്ളവരുമായ എസ്.ഐമാരായിരുന്നു. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ സ്വാധീനവും അസോസിയേഷനിലെ പിടിയും ഉപയോഗിച്ചാണ് ചില ഡയറക്ട് എസ്.ഐമാർ ഈ യൂണിറ്റുകളിൽ പിടിമുറുക്കിയിരിക്കുന്നത്. സ്‌റ്റേഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  അവസരം കാത്തിരിക്കുമ്പോഴാണ് പരിശീലനം പൂർത്തിയാക്കിയ മിടുക്കന്മാരുടെ ഒളിച്ചു കളി.