play-sharp-fill
വരാപുഴ കേസിലും കെവിൻ കേസിലും ഉണ്ടായ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്ത് കേരളാ പോലീസ്

വരാപുഴ കേസിലും കെവിൻ കേസിലും ഉണ്ടായ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്ത് കേരളാ പോലീസ്

ശ്രീകുമാർ

കോട്ടയം: വരാപുഴ കേസിലും കെവിൻ കേസിലും വരുത്തിയ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്തു കൈയ്യടി നേടി കേരളാ പോലീസ്. ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകവേ എല്ലാം മറന്ന് കുടുംബത്തേയും മക്കളേയും പോലും കാണാതെ ദിവസങ്ങളോളം പ്രളയ മേഖലയിൽ ജോലി ചെയ്തു. പതിനായിരക്കണക്കിന് പ്രളയ ബാധിതർക്കാണ് പുതുജീവൻ നൽകിയത്.


തങ്ങളുടെ ഡ്യൂട്ടി ജനസേവനമാണെന്ന് അവർ തെളിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചതിലും പ്രധാന പങ്ക് പോലീസിനു തന്നെ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ ഒരിക്കലും കേരളാ പോലീസിനെ മറക്കില്ലെന്നാണ് പറയുന്നത്. രക്ഷപ്പെടുത്തൽ മുതൽ തറകഴുകാൻ വരെ അവർ തയ്യാറായി. റാങ്കുകളുടെ വ്യത്യാസമില്ലാതെ ഉന്നത ഉദ്യോഗസ്ഥർ വരെ ശുചീകരണത്തിനെത്തി മാതൃകയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയം നേരിടുന്നതിൽ പോലീസ് കാണിച്ച ശുഷ്‌ക്കാന്തിയും സേവന സന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്നു മുഖ്യമന്ത്രി പോലും അഭിപ്രായപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വരെയുള്ളവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ബാധിത പ്രദേശങ്ങളിൽ പൊതു ചുമതല കളക്ടർമാർക്കായിരുന്നെങ്കിലും രക്ഷാ പ്രവർത്തനത്തിന്റെ ചുമതല പോലീസിനായിരുന്നു. ആ ചുമതല മികച്ച രീതിയിൽ നിർവഹിക്കാൻ പോലീസിനു കഴിഞ്ഞു. കമ്മ്യൂണിക്കേഷൻ ശൃംഖലകൾ തകരാറിലായപ്പോൾ വാർത്താ വിനിമയം പുനസ്ഥാപിച്ചത് പോലീസിന്റെ സംവിധാനങ്ങൾ വഴിയാണ്. അവലോകന യോഗങ്ങളിൽ കൃത്യമായ വിവരം നൽകാൻ ഇന്റലിജൻസിനായത് പ്ലാനിങ്ങിന് ഏറെ സഹായിച്ചു. പുനരധിവാസത്തിലും പോലീസിന് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പുനരധിവാസമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് ഓപ്പറേഷൻ ജലരക്ഷ 2 എന്നപേരിൽ ലോക്കൽ പോലീസുൾപ്പെട 30,000 പോലീസുകാരെ ഉൾപ്പെടുത്തിയാണ് പദ്ധതി രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി വനിതാ പോലീസുകാരെയും നിയമിച്ചു. ലോക്കൽ പോലീസിന് പുറമെ എ.പി. ബറ്റാലിയൻ. വനിതാ ബറ്റാലിയൻ, ആർ.ആർ.എഫ്, തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥർ വീടുകളുടെ ശുചീകരണവും മറ്റും നടത്തിവരുകയാണ്.

പ്രളയത്തിന്റ മറവിൽ സംസ്ഥാനത്ത് രൂക്ഷമായ വിലകയറ്റം ഉണ്ടായപ്പോൾ വിപണിയിൽ സജീവമായി ഇടപെടുകയും അന്യായ വില വാങ്ങിയ അനവധി കടകൾ അടപ്പിക്കുകയും ചെയ്തതോടെ വില വർദ്ധനവ് പിടിച്ചു നിർത്താനും പോലീസിന്റെ ഇടപെടൽ ഗുണം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം എസ്. എച്ച്. ഒ മാരുടെ നേതൃത്യത്തിൽ ലോക്കൽ പോലീസ് ഗതാഗത തടസ്സം മാറ്റുക, വീടുകളിൽ മടങ്ങിയെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, തകർന്ന റോഡുകളും മറ്റും ഗതാഗത യോഗ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. മൂന്ന് കുടുംബത്തിന്റെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി തന്നെ ഏറ്റെടുത്തിട്ടുണ്ട്.