നിരന്തരമായി കേസെടുത്ത് വേട്ടയാടുന്നു, കുടുംബം തകർക്കുന്നു; എസ്.ഐക്കെതിരെ പരാതിയുമായി അച്ഛനും മകളും……ഇത്തവണ പോലീസിന്റെ പ്രതികാരത്തിന്റെ കഥ വടകരയിൽ നിന്നും…
വയനാട് ജില്ലയിൽ ജോലിചെയ്യുന്ന എസ്.ഐ കുടുംബം തകർക്കുന്നുവെന്നാരോപിച്ച് കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.ക്ക് അച്ഛന്റെയും മക്കളുടെയും പരാതി. എടച്ചേരി സ്വദേശി കണ്ടിയിൽ നിജേഷും മക്കളുമാണ് പരാതിക്കാർ. മക്കൾ സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതിനൽകി. നേരത്തേ എടച്ചേരി സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ.ക്കെതിരേയാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത്.
നിജേഷിന്റെപേരിൽ എടച്ചേരി പോലീസ് ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് നേരത്തേ മൂന്ന് കേസുകൾ രജിസ്റ്റർചെയ്തിരുന്നു. നിജേഷിന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു ഈ കേസുകൾ. എസ്.ഐ.യുടെ ഇടപെടലിനെത്തുടർന്നാണ് ഈ കേസുകളെല്ലാമെന്നാണ് പരാതിയിലെ ആരോപണം. ആദ്യത്തെ കേസ് രജിസ്റ്റർചെയ്തശേഷം നിജേഷിന് ജാമ്യം കിട്ടിയപ്പോൾ മറ്റൊരു കേസിൽ അകത്താക്കുമെന്ന് എസ്.ഐ. ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്.
ഇതിനുപിന്നാലെ 308 വകുപ്പുൾപ്പെടെ ചുമത്തി അടുത്ത കേസ് രജിസ്റ്റർചെയ്തു. ഇക്കാര്യങ്ങൾ കാണിച്ച് നിജേഷ് കോഴിക്കോട് റൂറൽ എസ്.പി.ക്ക് അന്ന് പരാതിനൽകിയിരുന്നു. ഇതുപ്രകാരം സൈബർ സെൽ അന്വേഷണം നടത്തുകയും എസ്.ഐ.യുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നുകണ്ട് അച്ചടക്കനടപടിയെന്നനിലയിൽ അദ്ദേഹത്തെ വയനാട്ടിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുശേഷവും കുടുംബത്തെ നിരന്തരം ദ്രോഹിക്കുന്നതായാണ് പരാതി. വീണ്ടും കള്ളക്കേസുകളിൽ കുടുക്കാനും ശ്രമംനടക്കുന്നു. ഇത് മാനസികമായി വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നെന്നും എസ്.ഐ.യുടെ വാട്‌സാപ്പ് ചാറ്റുകളും കോളുകളും പരിശോധിച്ചാൽ ഇതെല്ലാം വ്യക്തമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തുടർച്ചയായുള്ള കേസുകൾ കാരണം നിജേഷിന് ജോലിക്കുപോവാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല കോടതിച്ചെലവുകൾക്കായി വൻ തുക കടമെടുക്കേണ്ടിയുംവന്നു. എസ്.ഐ.യുടെ വ്യക്തിതാത്‌പര്യത്തിന്റെപേരിൽ നടക്കുന്ന പീഡനം പോലീസിലെ ഉന്നതർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടാവാത്തതുകാരണമാണ് വീണ്ടും കുടുംബത്തെ ദ്രോഹിക്കുന്നതെന്നാണ് നിജേഷിന്‍റെ പരാതി. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയുണ്ടാവണമെന്ന് റെയിഞ്ച് ഡി.ഐ.ജി.യോട് ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിട്ടതായും പറയുന്നു.