ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ച് ഒരു മാസമാകുമ്പോഴേയ്ക്കും വീണ്ടും അപകടം: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു; പരിക്കേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ച് ഒരു മാസമാകുമ്പോഴേയ്ക്കും വീണ്ടും അപകടം: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു; പരിക്കേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ:  ബൈക്കിടിച്ച് പൊലീസുകാരൻമരിച്ച് ഒരു മാസം തികയും മുൻപേ പൊലീസിനെ ഞെട്ടിച്ച് വീണ്ടും അപകടം.  വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കാണ് ഇക്കുറി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർ ജോബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നീണ്ടൂർ മുടക്കോലി പാലത്തിനു സമീപമായിരുന്നു അപകടം. വാഹന പരിശോധനയ്ക്കായി നിൽക്കുകയായിരുന്നു പൊലീസ് സംഘം. ഈ സമയം അമിത വേഗത്തിൽ എത്തിയ ബൈക്കിനു ജോബി കൈകാണിച്ചു. എന്നാൽ, നിർത്താതെ മുന്നോട്ടെടുത്ത ബൈക്ക് ജോബിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനും ജോബിയും റോഡിൽ വീണു. പൊലീസ് സംഘം ഉടൻ തന്നെ രണ്ടു പേരെയും വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്ക് യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം മൂന്നിനാണ് ഈസ്റ്റ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാമ്പാടി കുറിയന്നൂർകുന്നേൽ വിജയന്റെ മകൻ കെ.വി അജേഷ് (43) വാഹന പരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് മരിച്ചത്. ഇതിനു പിന്നാലെ മറ്റൊരു അപകടം കൂടിയുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടലിലാണ്.