
വർഷങ്ങൾ കാത്തിരുന്ന് പണികഴിപ്പിച്ച സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാൻ അവധി നൽകിയില്ല; പൊലീസുകാരൻ എത്തിയത് ചടങ്ങ് കഴിഞ്ഞ്…വിശദീകരണം തേടി എ ഡി ജി പി…
അഞ്ച് വർഷമെടുത്ത് പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പൊലീസുകാരന് അവധി നൽകാത്ത സംഭവം വിവാദമായതോടെ എസ്എപി ക്യാമ്പ് കമാൻഡിനോട് എഡിജിപി എംആർ അജിത്ത് കുമാർ റിപ്പോർട്ട് തേടി . കെഎപി ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് ദുരനുഭവമുണ്ടായത്. കമാന്‍ഡോ പരിശീലനത്തിനായാണ് ഇദ്ദേഹം എസ്എപി ക്യാമ്പിലെത്തിയത്. സംഭവത്തിൽ കമാൻഡിംഗ് ഓഫീസർ ബ്രിട്ടോയെ പരിശീലന ചുമതലയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചെങ്കിലും കമാന്‍ഡിംഗ് ഓഫീസറായ ഉദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. എന്നാൽ, മറ്റ് ചിലര്‍ക്ക് അവധി നല്‍കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്‍കിയെങ്കിലും ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടുകണ്ട് അനുമതി വാങ്ങിയപ്പോഴേക്കും വൈകിയിരുന്നു. ചടങ്ങുകഴിഞ്ഞാണ് വീട്ടിലെത്താനായത്. രണ്ടു മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു.