സ്റ്റാറ്റസുകൾ 30ലധികം പേർ കാണുന്നുണ്ടോ…? പണമുണ്ടാക്കാം..! രജിസ്റ്റർ ചെയ്യരുതെ തട്ടിപ്പാണ് ; മുന്നറിയിപ്പുമായി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയ ഒന്നായിരുന്നു വാട്‌സാപ്പ് സ്റ്റാസുകൾ 30ലധികം ആളുകൾ കാണുന്നുണ്ടോ ദിവസവും 500 രൂപ വരെ വരുമാനമുണ്ടാക്കാം എന്നത്. പലരും ഈ ലിങ്കിൽ കേറി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത് തട്ടിപ്പാണെന്നും രജിസ്റ്റർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്.
കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക.
അതിൽ നിങ്ങൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്‌സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.