പെട്രോളും ഡീസലുമൊക്കെ ഫുൾ ടാങ്ക് അടിച്ചിടാൻ മറക്കല്ലേ…; തിങ്കളാഴ്ച സംസ്ഥാനത്തെ പമ്പുകള്‍ രാവിലെ ആറ് മുതല്‍ 12 മണിവരെ അടച്ചിടും

Spread the love

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഇന്നലെ വൈകിട്ട് നാല് മുതൽ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവർമാർക്ക് ഒരു തുക ചായക്കാശായി കൊടുക്കാറുണ്ട്.

300 രൂപയായിരുന്നു അത്. ഈ തുക ഉയർത്തണമെന്ന ആവശ്യം ഡ്രൈവർമാർ ഉന്നയിച്ചിരുന്നു. എന്നാൽ പറ്റില്ലെന്ന നിലപാടായിരുന്നു അസോസിയേഷന്.തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നിരുന്നു. ഈ തുക തന്നെ നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഡീലർമാർ. ഇന്ന് എലത്തൂർ എച്ച്പിസിഎൽ അധികൃതർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെയാണ് ഇന്നലെ വൈകിട്ട് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group