ഇതും നടന്നത് നമ്പർ വൺ കേരളത്തിൽ..! അമ്മയെ മകൻ പട്ടിണിയ്ക്കിട്ടു കൊന്നു; ക്രൂരത നടന്നത് കോഴിക്കോട്; ഈ നാടിന് ഇതെന്തു പറ്റി..!
തേർഡ് ഐ ക്രൈം
കോഴിക്കോട്: അമ്മയെ മകൻ അതിക്രൂരമായി പട്ടിണിക്കിട്ടു കൊന്നു..! കോഴിക്കോട് നഗരത്തിൽ തന്നെയാണ് അമ്മയെ മകൻ ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മകളും ഭർത്താവും അടക്കമുള്ള ബന്ധുക്കളാണ് മകനെതിരെ പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ ജയിൽ റോഡ് സ്പാൻഹോട്ടലിനു സമീപം താമസിക്കുന്ന സുമതി വി.കമ്മത്താണ് (70) സ്വകാര്യ ആശുപത്രിയിൽ കൊല്ലപ്പെട്ടത്.
സുമതിയുടെ മരണം മകൻ രമേശൻ പട്ടിണിയ്ക്കിട്ടതിനെ തുടർന്നാണ് എന്നു ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നു ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് മകൻ രമേശനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ അവശനിലയിൽ കണ്ട സുമതിയെ മകൾ ജ്യോതിയും, ഭർത്താവും ചേർന്നു ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ സുമതി അവശനിലയിലും, അതീവ ഗുരുതരാവസ്ഥയിലുമായിരുന്നതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. മകൻ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും, ഭക്ഷണം അടക്കം നൽകിയിരുന്നില്ലെന്നതും മകളുടെ ഭർത്താവ് അറിയിച്ചു.
നേരത്തെ മംഗലാപുരത്ത് മകളുടെ വീട്ടിലായിരുന്ന സുമതിയെ, രമേശൻ കോഴിക്കോട്ടേയ്ക്കു മൂന്നു മാസം മുൻപാണ് കൂട്ടിക്കൊണ്ടു വന്നത്. കൊവിഡ് കാലമായതിനാൽ യാത്രാവിലക്ക് നിലനിന്നിരുന്നതിനാൽ മറ്റു മക്കൾക്കു സുമതിയെ എത്തി കാണാനും സാധിച്ചിരുന്നില്ല. എന്നാൽ, ഫോണിൽ സംസാരിക്കുന്നതിനിടെ സുമതിയ്ക്കു പ്രശ്‌നങ്ങൾ ഉണ്ടെന്നു തോന്നിയതിനാലാണ് അടിയന്തരമായി മക്കൾ നട്ടിലെത്തിയത്. ഇതോടെയാണ് സംഭവം കണ്ടതും, സുമതിയെ ആശുപത്രിയിൽ എത്തിച്ചതും.