
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍ : അമിതവണ്ണവും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും ശാരീരിക അസ്വസ്ഥതകൾക്കും പരിഹാരമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ അതിനുള്ള പ്രതിവിധിയൊരുങ്ങി. കുറഞ്ഞ ചെലവിൽ.
പ്രമേഹവും അമിത വണ്ണവും ഒത്തുചേര്‍ന്നു വരുന്ന ഡയബേസിറ്റി എന്ന രോഗാവസ്ഥയ്ക്ക് പരിഹാരമായി ‘മിനി ഗാസ്ട്രിക് ബൈപാസ്’ എന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
132 കിലോ ഭാരമുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശിയായ 47കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഉറക്കത്തില്‍ ശ്വാസം കിട്ടാതെ വരുന്ന രോഗവുമായി ജൂണ്‍ 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനൂതന ശസ്ത്രക്രിയയായ മിനി ഗാസ്ട്രിക് ബൈപാസ് ആറാം യൂണിറ്റിലെ ഒബിസിറ്റി ക്ലിനിക് മേധാവി ഡോ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. രണ്ടാഴ്ചത്തെ ചികിത്സയില്‍ 15 കിലോ ഭാരം കുറഞ്ഞ രോഗി വെള്ളിയാഴ്ചയോടെ ആശുപത്രി വിട്ടു.
6 മാസം കൊണ്ട് 60 കിലോഗ്രാം തൂക്കം കുറയുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപെട്ടു. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷം രൂപ വേണ്ടി വരുന്ന ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജില്‍ വളരെ കുറഞ്ഞ ചെലവില്‍ നടത്താനായി. ആര്‍.എം.ഒ ഡോ.ആര്‍.പി രഞ്ജിന്‍ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കി. ഡോ. ജോസ് സ്റ്റാന്‍ലി, ഡോ.റിത്വിവിക്, അനസ്‌തേഷ്യ മേധാവി ഡോ. ഷെര്‍ലി വര്‍ഗ്ഗീസ്, ഹെഡ് നഴ്‌സ് രൂപരേഖ എന്നിവരും പങ്കെടുത്തു.