play-sharp-fill
എല്ലാം തികഞ്ഞ നവോത്ഥാന കേരളത്തിന് നാണക്കേട്,കേരളത്തിൽ നടന്നത് 222 ശൈശവ വിവാഹങ്ങൾ

എല്ലാം തികഞ്ഞ നവോത്ഥാന കേരളത്തിന് നാണക്കേട്,കേരളത്തിൽ നടന്നത് 222 ശൈശവ വിവാഹങ്ങൾ

സ്വന്തം ലേഖിക

കണ്ണൂർ: ശൈശവ വിവാഹത്തിനെതിരെ ശക്തമായ ബോധവത്കരണം നടക്കുമ്പോഴും നമ്മുടെ കേരളത്തിൽ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2018- 19ൽ സംസ്ഥാനത്ത് 222 ശൈശവവിവാഹങ്ങൾ കണ്ടെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളുടെ കണക്കാണിത്. അവിടെ നിന്നുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല. ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് സംസ്ഥാനത്ത് നടക്കുന്ന കുട്ടിക്കല്യാണങ്ങൾ കണ്ടെത്തിയത്. വിവാഹത്തിന് മുമ്പ് വിവരം ലഭിച്ച ചടങ്ങുകൾ ചൈൽഡ്‌ലൈൻ തടഞ്ഞു. എന്നാൽ, അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ വിവാഹം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 209 പെൺകുട്ടികളേയും 13 ആൺകുട്ടികളെയുമാണ് കല്യാണം കഴിപ്പിക്കാൻ ശ്രമമുണ്ടായത്. ആൺകുട്ടികളിൽ 16നും 18നും വയസിനിടയിലുള്ള 8 പേരും 19നും 21 തികയാത്തതുമായ 5 പേരും ഉൾപ്പെടും. ഇതിൽ 5 പേർ വയനാട് സ്വദേശികളാണ്. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരത്ത് ഒരു കേസും രജിസ്റ്റർ ചെയ്തു.209 പെൺകുട്ടികളിൽ പത്തുവയസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ വിവാഹശ്രമം വയനാട്ടിൽ നടന്നു. 13നും 15നും മദ്ധ്യേപ്രായത്തിലുള്ള 28ഉം 16നും 18നും ഇടയിൽ പ്രായമുള്ളവരെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച 180 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എല്ലാ മതവിഭാഗത്തിൽപെട്ടവരുമുണ്ട്. ഭാഷാടിസ്ഥാനത്തിൽ നോക്കിയാൽ 10 പേർ തമിഴ് സംസാരിക്കുന്നവരും, ഒന്ന് കന്നട ഭാഷ സംസാരിക്കുന്നതുമാണ്. മറ്റെല്ലാം മലയാളികളാണ്. റിപ്പോർട്ട് ചെയ്ത 222 സംഭവങ്ങളിൽ 172 ഉം തടയാനായെന്ന് ചൈൽഡ്‌ലൈൻ വൃത്തങ്ങൾ പറയുന്നു. ആറ് കേസുകളിൽ വിവാഹം തടയാനായില്ല. 44 സംഭവങ്ങളിൽ വിവരം ലഭിക്കുന്നത് വിവാഹ ശേഷമാണ്. 49 സംഭവങ്ങളിൽ കോടതിയിൽ നിന്നും ഇൻജക്ഷൻ ഓർഡർ തേടേണ്ടി വന്നതായും ചൈൽഡ്‌ലൈൻ അധികൃതർ പറയുന്നു. 19 കേസുകളിൽ പൊലീസ് സഹായം തേടി. 21 അറസ്റ്റുകളാണ് ഇതിന്റെ ഭാഗമായുണ്ടായത്. ഇതിൽ 15 പേർ വരന്മാരും ആറുപേർ രക്ഷിതാക്കളുമാണ്.ശൈശവ വിവാഹങ്ങളെ കുറിച്ച് 35 കേസുകളിലും വിവരം നൽകിയത് അംഗൻവാടി അദ്ധ്യാപികമാരാണ്. 42 കേസിൽ അയൽവാസികളും 29 കേസിൽ സുഹൃത്തുക്കളും,24 എണ്ണം ബന്ധുക്കളും, 8 കുട്ടികൾ നേരിട്ടും 6 കേസുകൾ സ്‌കൂൾ അദ്ധ്യാപകരും റിപ്പോർട്ട് ചെയ്തു. കുടുംബശ്രീ- 8, പഞ്ചായത്ത്- 2, സാമൂഹ്യ പ്രവർത്തകർ- 68 എന്നിങ്ങനെ പോകുന്നു വിവരം നൽകിയവരുടെ പട്ടിക. 158 കേസുകളിലും രക്ഷിതാക്കൾ മുൻകൈ എടുത്താണ് വിവാഹത്തിന് ശ്രമം നടത്തിയത് എന്നാണ് കണ്ടെത്തിയത്. 64 കേസുകളിൽ കുട്ടികൾ തമ്മിലെ പ്രണയമാണ് നേരത്തെയുള്ള വിവാഹത്തിൽ എത്തിയത്. 134 കേസുകളിൽ കുട്ടികൾക്ക് യാതൊരു പരിചയവുമില്ലാത്തവരെ കൊണ്ട് വിവാഹം ചെയ്യാൻ നിർബന്ധിച്ചു. 7 പേർ കുടുംബ സുഹൃത്തുക്കളായിരുന്നു. 13 അയൽവാസികളും 18 ബന്ധുക്കളും വിവാഹം ചെയ്യാൻ ഒരുങ്ങി.ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പറായ 1098 വഴി 165 കേസുകളിൽ വിവരം ലഭിച്ചു. ഫീൽഡിൽ എത്തിയ സ്റ്റാഫുകൾ വഴി 37ഉം മറ്റ് ഉദ്യോഗസ്ഥർ വഴി 18 കേസുകളും അറിയാനിടയായി. കേസെടുത്ത ശേഷം 155 കുട്ടികളും ഇപ്പോൾ മാതാപിതാക്കളോടൊപ്പമാണ്. 90 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ പോകുന്നുണ്ട്. 6 പേർ തൊഴിൽ പരിശീലനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.മലപ്പുറം ജില്ലയിൽ കണ്ടെത്തിയത് 64 പെൺകുട്ടികളുടെ വിവാഹമാണ്. ഇതിൽ 15 വയസിന് താഴെയുള്ള ആറും 16 ന് മുകളിൽ പ്രായമുള്ള 58പേരുമുണ്ട്. ഇടുക്കി 33,പാലക്കാട്- 38, വയനാട്- 30 എന്നിങ്ങനെയാണ് തൊട്ടടുത്ത കണക്കുകൾ. വയനാട്ടിൽ 27എണ്ണവും ആദിവാസി വിഭാഗത്തിനിടയിലാണ്.ഈ വർഷം കണ്ണൂർ ജില്ലയിൽ 20 ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ഇടുക്കിയിലും തിരുവനന്തപുരത്തും തമിഴ് ഭൂരിപക്ഷ മേഖലകളിൽ ശൈശവ വിവാഹം നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. സംസ്ഥാനത്ത് 2017-18 വർഷം 224 കേസുകളാണ് ചൈൽഡ്ലൈനിൽ റിപ്പോർട്ട് ചെയ്തത്.