
പാവപ്പെട്ടവർ പട്ടിണി കിടക്കുമ്പോൾ സംസ്ഥാന സർക്കാർ അതിഥിതൊഴിലാളികൾക്ക് പാൽ നൽകുന്നു: കോട്ടയം ജില്ലയിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു നാട്ടിലെ സാധാരണക്കാർ പട്ടിണികിടന്നു നട്ടം തിരിയുമ്പോൾ അതിഥിതൊഴിലാളികൾക്ക് പാൽ വിതരണവുമായി സംസ്ഥാന സർക്കാർ. ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം ആരംഭിച്ചു. തിരുവാർപ്പ്, ചങ്ങനാശേരി, പായിപ്പാട് മേഖലകളിലെ അതിഥി തൊഴിലാളികൾക്ക് ഓരോ ലിറ്റർ പാൽ വീതമാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരം ലിറ്റർ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ പാൽ ലഭ്യമാക്കും.
ലോക് ഡൗൺ മൂലം മിൽമയുടെയും ക്ഷീരസംഘങ്ങളുടെയും സംഭരണ, വിതരണ പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. മിൽമ കോട്ടയം ഡയറിയിൽ പ്രതിദിനം 10000 ലിറ്റർ പാൽ അധികമായി വന്നു. അഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടകളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പാൽ വിതരണത്തിന് തുടക്കം കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാർപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ. മേനോൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം അജയ്, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു , അസിസ്റ്റന്റ് ലേബർ ഓഫീസർ ശ്രീദേവ് കെ. ദാസ്, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ശാരദ, മിൽമ എറണാകുളം മേഖലാ യൂണിയൻ അംഗം സോണി ഈറ്റക്കൻ, മിൽമ മാർക്കറ്റിംഗ് മാനേജർ എബി തുടങ്ങിയവർ പങ്കെടുത്തു.